ലണ്ടൻ: ബ്രിട്ടനിലെ ലണ്ടൻബ്രിഡ്ജിനുമുകളിൽ കഴിഞ്ഞദിവസം രണ്ടുപേരെ കുത്തിക്കൊന്ന ഉസ്മാൻ ഖാൻ കശ്മീരിൽ ഭീകരാക്രമണത്തിന്‌ ലക്ഷ്യമിട്ടിരുന്നതായി സ്ഥിരീകരണം. ഇയാൾ പ്രതിയായ 1990-ലെ ലണ്ടൻ സ്റ്റോക്ക്‌ എക്സ്‌ചേഞ്ച്‌ ഭീകരാക്രമണക്കേസിന്റെ വിധിപ്രസ്താവനയിലാണ് ബ്രിട്ടീഷ് ജഡ്ജി അലൻ വിൽകി ഇതുസംബന്ധിച്ച മുന്നറിയിപ്പുനൽകിയത്.

പാക് അധീന കശ്മീരിൽ മദ്രസപരിശീലനവും പ്രവർത്തനപരിചയവുമുള്ള ഉസ്മാൻഖാനും കൂട്ടാളി നസാൻ ഹുസൈനും കശ്മീരിൽ ഭീകരാക്രമണം നടത്താൻ ലക്ഷ്യമിട്ടിരുന്നെന്നും ഇവർ യു.കെ.യിൽ തിരിച്ചെത്തി ആക്രമണം നടത്താനിടയുണ്ടെന്നുമാണ് 2012-ലെ വിധിയിൽ ജഡ്ജി ചൂണ്ടിക്കാട്ടിയത്. ‘ആപത്കാരിയായ ജിഹാദി’ എന്നാണ് ഇയാളെ കോടതി വിശേഷിപ്പിച്ചത്.

പാക് അധീന കശ്മീരിൽ മദ്രസകളുടെ മറവിൽ ഭീകരവാദക്യാമ്പുകളുണ്ടാക്കാനും അതിലേക്ക് പണമെത്തിക്കാനും ഉസ്മാൻഖാൻ പ്രവർത്തിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. യു.കെ.യിൽ ജനിച്ച ഉസ്മാൻഖാൻ കൗമാരകാലം അമ്മയോടൊപ്പം പാകിസ്താനിലായിരുന്നു.

അവിടെ ഭീകരസംഘടനകളുമായി ബന്ധപ്പെട്ട്‌ പ്രവർത്തനം തുടങ്ങി. തുടർന്ന് ലണ്ടനിൽ തിരിച്ചെത്തി. ഇന്റർനെറ്റ് വഴിയായിരുന്നു ഭീകരവാദം വളർത്താൻ ശ്രമിച്ചത്. ലണ്ടൻ സ്റ്റോക്ക്‌ എക്സ്‌ചേഞ്ച്‌ കേസിൽ 16 വർഷം തടവിനുശിക്ഷിക്കപ്പെട്ട ഇയാൾ, 2018-ലാണ് പരോളിൽ പുറത്തിറങ്ങിയത്. 2010-ൽ ലണ്ടനിൽ ആക്രമണം നടത്താൻ ഗൂഢാലോചന നടത്തിയകേസിലും ഒമ്പതുപേർക്കൊപ്പം പ്രതിയായി.

ഐ.എസ്. ഉത്തരവാദിത്വമേറ്റു

ലണ്ടൻ ബ്രിഡ്ജിൽ കഴിഞ്ഞദിവസം ഭീകരാക്രമണം നടത്തിയ ഉസ്മാൻഖാന് ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളതായി സംഘടന വെളിപ്പെടുത്തി. തങ്ങളുടെ വാർത്താ ഏജൻസിയായ ‘അമാഖി’ലാണ് ഐ.എസ്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് പ്രസ്താവനയിറക്കിയത്.

content Highlights: London Bridge Terrorist Planned To Carry Out Attacks In Kashmir says UK Judge