Usman Khanലഹോർ/ഇസ്‌ലാമാബാദ്: ബ്രിട്ടനിലെ ലണ്ടൻ ബ്രിഡ്ജിൽ കത്തിയാക്രമണം നടത്തി പോലീസിന്റെ വെടിയേറ്റ് മരിച്ച പാക് വംശജനായ പ്രതി ഉസ്മാൻ ഖാന്റെ(28) മൃതദേഹം പാക് അധീന കശ്മീരിലെ ഗ്രാമത്തിൽ സംസ്കരിച്ചു. നവംബർ 29-നാണ് ഉസ്മാൻ ഖാൻ ലണ്ടൻ ബ്രിഡ്ജിൽ രണ്ടുപേരെ കുത്തിക്കൊന്നത്. ആൾക്കൂട്ടം തടഞ്ഞുവെച്ച ഇയാളെ പോലീസെത്തിയാണ് വെടിവെച്ചുവീഴ്ത്തിയത്.

വെള്ളിയാഴ്ചയാണ് ഇയാളുടെ മൃതദേഹം ലണ്ടനിൽനിന്ന് ഇസ്‌ലാമാബാദിലെത്തിച്ചത്. തുടർന്ന് ബന്ധുക്കൾക്ക് കൈമാറുകയായിരുന്നു. എന്നാൽ, മൃതദേഹം രാജ്യത്തെത്തിയതായി അറിയില്ലെന്ന് പാക് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

മൃതദേഹം യു.കെ.യിൽ സംസ്കരിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. പാക് അധീന കശ്മീരിലെ കോട്‌ലി ജില്ലയിലെ കിജ്‌ലനി ഗ്രാമത്തിലാണ് ഉസ്മാൻ ഖാന്റെ ബന്ധുക്കളുള്ളത്.

ഉസ്മാൻ ഖാൻ പാക് വംശജനാണെന്നും പാക് അധീന കശ്മീരിലാണ് കുടുംബമെന്നും വാർത്തനൽകിയതിന്റെ പേരിൽ പാകിസ്താനിലെ ഡോൺ പത്രത്തിനുനേരേ രണ്ടുതവണ ജനക്കൂട്ടം ആക്രമണം നടത്തിയിരുന്നു. പത്രത്തിനെതിരേ മുദ്രാവാക്യം മുഴക്കിയ അക്രമികൾ പത്രം കത്തിക്കുകയും ചെയ്തിരുന്നു.

ലണ്ടൻ ബ്രിഡ്ജ് ആക്രമണത്തിൽ ഒരു പുരുഷനും സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു.

Content Highlights: London bridge terror: Usman Khan buried in POK