വത്തിക്കാൻ സിറ്റി: രണ്ടാഴ്ചത്തെ ആശുപത്രിവാസത്തിനുശേഷം വത്തിക്കാനിൽ തിരിച്ചെത്തിയ ഫ്രാൻസിസ് മാർപാപ്പ ഞായറാഴ്ചത്തെ പ്രാർഥനകൾക്ക് നേതൃത്വം നൽകി. വത്തിക്കാനിലെ തന്റെ സ്റ്റുഡിയോ ജനലിലൂടെ, സെയ്‌ന്റ് പീറ്റേഴ്സ് ചത്വരത്തിൽ കാത്തുനിന്ന വിശ്വാസികളെ അദ്ദേഹം ആശീർവദിച്ചു. ആധുനികജീവിതത്തിന്റെ സമ്മർദത്തിൽനിന്ന് അല്പം ഇടവേളയെടുക്കാനും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യാനും പഠിക്കണമെന്ന് മാർപാപ്പ വിശ്വാസികളോട് ആഹ്വാനംചെയ്തു. ഒപ്പം സ്വന്തം അജൻഡകൾ അനുശാസിക്കുന്ന ചുറ്റുപാടുകളിൽ ഒതുങ്ങുന്നത് നിർത്താനും. വിശ്രമവേളയിൽ റോമിലെ കത്തോലിക്കാ ആശുപത്രിയുടെ ബാൽക്കണിയിൽനിന്ന് കഴിഞ്ഞയാഴ്ച അദ്ദേഹം വിശ്വാസികൾക്കു മുമ്പിലെത്തിയിരുന്നു. ബുധനാഴ്ചയാണ് മാർപാപ്പ വത്തിക്കാനിൽ തിരിച്ചെത്തിയത്.