സാന്റിയാഗോ: കടല്‍ ജീവികളുടെ സംരക്ഷണത്തിന് ചിലി നിയമമുണ്ടാക്കി. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് മിഷേല്‍ ബാച്‌ലെ അതില്‍ ഒപ്പിട്ടു. ഈ നിയമമനുസരിച്ച് സമുദ്രജീവികളുടെ സംരക്ഷണത്തിന് ഒമ്പത് മറൈന്‍ റിസര്‍വുകള്‍ ഉണ്ടാക്കും.

സമുദ്രം ഭാവിതലമുറയ്ക്കായി പരിപാലിക്കണമെന്ന തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനിര്‍മാണമെന്ന് ബാച്‌ലെ പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിന് കടല്‍ അത്യാവശ്യമാണെന്ന് ജനം മനസ്സിലാക്കണമെന്നും അവര്‍ പറഞ്ഞു

പുതിയ നിയമമനുസരിച്ച് 42.4 ശതമാനം കടല്‍ സര്‍ക്കാര്‍ സംരക്ഷിക്കും. 14 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തെ കടല്‍ജീവികളെയും സംരക്ഷിക്കും. കഴിഞ്ഞ സെപ്റ്റംബറില്‍ ഈസ്റ്റര്‍ ദ്വീപിനുചുറ്റും ചിലി വലിയ മറൈന്‍ പാര്‍ക്ക് തുറന്നിരുന്നു.

ഇവിടെമാത്രം കാണുന്ന ജീവികളുടെ സംരക്ഷണം ലക്ഷ്യമിട്ടായിരുന്നു ഇത്. ചിലിയുടെ അത്രതന്നെ വലിപ്പംവരും ഈ പാര്‍ക്കിന്.

ചിലി സര്‍ക്കാരിനൊപ്പം ഈസ്റ്റര്‍ ദ്വീപിലെ വാസികളും ചേര്‍ന്നാണ് ഇതിന്റെ കാര്യങ്ങള്‍ നോക്കുക. ഈസ്റ്റര്‍ ദ്വീപിലുള്ളവര്‍ക്ക് ഇവിടെനിന്ന് മീന്‍ പിടിക്കുന്നതിന് വിലക്കില്ല.