വാഷിങ്ടൺ: പാക് ചാരസംഘടനയായ ഐ.എസ്.ഐ.യുടെ യഥാർഥ നിഴലാണ് ഐക്യരാഷ്ട്രസഭ നിരോധിച്ച ലഷ്കറെ തൊയ്ബയെന്ന ഭീകരസംഘടനയെന്ന് യു.എസ്. സുരക്ഷാവിദഗ്ധ. ലഷ്കറെ ഭീകരർക്ക് പാകിസ്താൻ സൈന്യമാണ് പരിശീലനം നൽകുന്നതെന്നും ഹഡ്സൺ ഇൻസ്റ്റിറ്റ്യൂട്ടിൽ സുരക്ഷാവിദഗ്ധരുടെ ഒരു കൂട്ടായ്മയിൽ ജോർജ്ടൗൺ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ക്രിസ്റ്റിൻ ഫെയർ പറഞ്ഞു.

അതുകൊണ്ടാണ് ലഷ്കറെ ഭീകരർക്ക് ഇത്രയും ശക്തമായി ആക്രമണം നടത്താൻ കഴിയുന്നതെന്ന് ഇന്ത്യയ്ക്കകത്തടക്കം നടന്ന വലിയ ഭീകരാക്രമണങ്ങൾ എടുത്തുകാട്ടി അവർ പറഞ്ഞു. മാതൃരാജ്യത്തോടും ലക്ഷ്യത്തോടും ഏറെ കൂറുകാട്ടുന്നവരാണ് ലഷ്കറെ ഭീകരർ. യഥാർഥനിഴലായി നിന്ന് ചില സമയങ്ങളിൽ ലഷ്കർ ആണ് അവർക്ക് വഴികാട്ടുന്നത്. ‘ഇൻ ദെയർ ഓൺ വേർഡ്സ്: അണ്ടർസ്റ്റാൻഡിങ് ലഷ്കറെ തൊയ്ബ’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവുകൂടിയായ ഫെയർ പറഞ്ഞു.

കശ്മീരിനുള്ള പ്രത്യേകപദവി നീക്കിയതിനെ താൻ പിന്തുണയ്ക്കുന്നതായി ഒരു ചോദ്യത്തിന് മറുപടിയായി ക്രിസ്റ്റിൻ പറഞ്ഞു. ആവശ്യമായ നിയന്ത്രണങ്ങൾ തന്നെയാണ് ഇന്ത്യ കശ്മീരിൽ ഏർപ്പെടുത്തിയത്. സാഹചര്യം മുതലെടുക്കാൻ ആരെയും അനുവദിക്കരുത്. കശ്മീരിന്റെ പ്രത്യേകപദവി നീക്കാൻ ഇന്ത്യ ചർച്ചയിലൂടെ ശ്രമിച്ചാലും പാകിസ്താൻ അതിന് സമ്മതം നൽകാനിടയില്ലെന്നും അവർ പറഞ്ഞു. വിഷയം അന്താരാഷ്ട്രതലത്തിൽ ഉയർത്തിക്കാട്ടാനാണ് പാകിസ്താൻ ശ്രമിച്ചതെന്നും അവർ പറഞ്ഞു.

Content Highlights: Lashkar e Taiba ISI US