ലാസ് വേഗസ്: യു.എസിലെ ലാസ് വേഗസില്‍ 59 പേരെ വധിച്ച സ്റ്റീഫന്‍ പാഡക് സെപ്റ്റംബര്‍ 28 മുതല്‍ മാന്‍ഡലേ ബേ ഹോട്ടിലിലായിരുന്നു താമസമെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി വെടിവെപ്പുണ്ടായയുടന്‍ പോലീസ് ഹോട്ടല്‍ മുറിയിലെത്തി. പാഡക് മുറിക്കുള്ളില്‍നിന്ന് സുരക്ഷാഭടന്റെ കാലില്‍ വെടിവെച്ചു. വാതില്‍ തകര്‍ത്ത് പോലീസ് ഉള്ളിലെത്തിയപ്പോള്‍ ഇയാളെ മരിച്ചനിലയിലാണ് കണ്ടെത്തിയതെന്ന് ലാസ് വേഗസ് മെട്രോ പോലീസ് തലവന്‍ ജോസഫ് ലംബോര്‍ഡോ പറഞ്ഞു. മാന്‍ഡലേ ബേ ഹോട്ടലിന്റെ 32-ാം നിലയില്‍ നിന്നാണ് ഇയാള്‍ സംഗീതാസ്വാദകര്‍ക്കുനേരെ വെടിവെച്ചത്.

ഇയാളുടെ മുറിയില്‍നിന്ന് 23 തോക്കുകള്‍ പോലീസ് കണ്ടെത്തി. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 19 തോക്കുകളും വെടിയുണ്ടകളും സ്‌ഫോടകവസ്തുക്കളും കണ്ടെത്തിയതായും പോലീസ് പറയുന്നു. അമോണിയം നൈട്രേറ്റ് അടക്കമുള്ള രാസവസ്തുക്കള്‍ ഇയാളുടെ കാറില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

പാഡക്കിന്റെ അച്ഛന്‍ ബാങ്ക് കവര്‍ച്ചക്കേസിലെ പ്രതിയും എഫ്.ബി.ഐയുടെ 'മോസ്റ്റ് വാണ്ടട്' പട്ടികയിലുള്‍പ്പെട്ടിരുന്നയാളുമാണ്.
 

മാരിലു ഓസ്‌ട്രേലിയക്കാരി


സിഡ്‌നി: സ്റ്റീഫന്‍ പഡോക്കിനൊപ്പമുണ്ടായിരുന്നെന്ന് പറയപ്പെടുന്ന കൂട്ടുകാരി മാരിലു ഡാന്‍ലി ഫിലിപ്പിനോ വംശജയായ ഓസ്‌ട്രേലിയക്കാരിയാണെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. 20 വര്‍ഷം മമ്പാണ് ഇവര്‍ യു.എസിലേക്ക് കുടിയേറിയതെന്ന് ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി ജൂലി ബിഷപ് പറഞ്ഞു.

വെടിവെപ്പുമായി ഇവര്‍ക്ക് നേരിട്ട് ബന്ധമുണ്ടോയെന്ന കാര്യം വ്യക്തമല്ല. ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചാണ് പഡക് ഹോട്ടല്‍മുറിയെടുത്തതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവര്‍ ഇപ്പോള്‍ ഫിലിപ്പീന്‍സിലോ ജപ്പാനിലോ ആണെന്നാണ് യു.എസ്. പറയുന്നത്. ഇരുരാജ്യങ്ങളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. രണ്ടാഴ്ച മുമ്പ് ഫിലിപ്പീന്‍സിലേക്ക് പോയെന്നാണ് ഓസ്‌ട്രേലിയന്‍ അധികൃതര്‍ പറയുന്നത്. അന്വേഷണത്തിന് യു.എസുമായി സഹകരിക്കുമെന്ന് ഓസ്‌ട്രേലിയ അറിയിച്ചു.