ലണ്ടന്‍: ഗോള്‍ഡന്‍ ഗ്ലോബിനുപിന്നാലെ ബാഫ്റ്റ പുരസ്‌കാരനിശയിലും ചരിത്രംരചിച്ച് ഹോളിവുഡ് ചിത്രം ലാ ലാ ലാന്‍ഡ്. ലയണ്‍ എന്ന് ചിത്രത്തിലെ അഭിനയത്തിന് ഇന്ത്യന്‍വംശജന്‍ ദേവ് പട്ടേലിന് മികച്ച സഹനടനുള്ള പുരസ്‌കാരം ലഭിച്ചു.

നാമനിര്‍ദേശം ചെയ്യപ്പെട്ട 11 വിഭാഗങ്ങളില്‍ അഞ്ചിലും സംഗീതം പ്രമേയമായ ലാ ലാ ലാന്‍ഡ് പുരസ്‌കാരം നേടി. മികച്ച സിനിമ, സംവിധായകന്‍-ഡാമിയന്‍ ഷാസെല്‍, നടി-എമ്മ സ്റ്റോണ്‍, സംഗീതം-ജസ്റ്റിന്‍ ഹര്‍വിറ്റ്‌സ്, ഛായാഗ്രഹണം-ലിനസ് സാന്‍ഗ്രന്‍ എന്നിവയാണ് ലാ ലാ ലാന്‍ഡിന് ലഭിച്ചത്.
 
മികച്ച നടനായി മാഞ്ചസ്റ്റര്‍ ബൈ ദ സീ എന്ന ചിത്രത്തിലെ അഭിനയത്തിന് കേസി അഫ്‌ലെക്കിനെ തിരഞ്ഞെടുത്തു. ഓസ്‌കര്‍ പുരസ്‌കാരം നേടിയ സ്ലം ഡോഗ് മില്യണയറിലൂടെ പ്രശസ്തനായ ബ്രിട്ടീഷ്-ഇന്ത്യന്‍ നടന്‍ ദേവ് പട്ടേലിനെത്തേടി മികച്ച സഹനടനുള്ള പുരസ്‌കാരമെത്തിയത് ഇന്ത്യക്കും അഭിമാനിക്കാന്‍ വക നല്‍കി.
 
ലയണിലെ സാരു ബ്രയര്‍ലി എന്ന കഥാപാത്രത്തെ വെള്ളിത്തിരയില്‍ മികവുറ്റതാക്കിയതാണ് പട്ടേലിനെ പുരസ്‌കാരാഹര്‍ഹനാക്കിയത്. മുന്‍പ് ഇതേ വിഭാഗത്തില്‍ത്തന്നെ ദേവ് പട്ടേല്‍ ഗോള്‍ഡന്‍ ഗ്ലോബിലും നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. ഇതേ വിഭാഗത്തില്‍ വരാനിരിക്കുന്ന ഓസ്‌കര്‍ പുരസ്‌കാരത്തിലും പട്ടേലിന് നാമനിര്‍ദേശമുണ്ട്.