ഹോങ്‍ കോങ്: ജനാധിപത്യപ്രക്ഷോഭം നടക്കുന്ന ഹോങ്‌ കോങ്ങിൽ അജ്ഞാതന്റെ കത്തിയാക്രമണം. ഞായറാഴ്ച ഹോങ് കോങ്ങിലെ തായ് കൂ ജില്ലയിലുള്ള സിറ്റിപ്ലാസാ മാളിൽനടന്ന ആക്രമണത്തിൽ നാലുപേർക്ക് കുത്തേറ്റു. അക്രമി ഒരാളുടെ ചെവി കടിച്ചുമുറിച്ചതായും പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. അക്രമിയെ പിന്നീട് ജനങ്ങൾ കീഴ്‍പ്പെടുത്തി പോലീസിലേൽപ്പിച്ചു. അക്രമിയുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

പ്രക്ഷോഭകരെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് പ്രാഥമികനിഗമനം. ഹോങ്‍ കോങ്ങിൽ 22 ആഴ്ചകളായി നടന്നുവരുന്ന പ്രക്ഷോഭത്തിന്റെ പ്രധാനകേന്ദ്രങ്ങളിലൊന്നാണ് സിറ്റിപ്ലാസാ മാൾ.

അതിനിടെ ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവായുടെ ഹോങ് കോങ്ങിലെ ഓഫീസിനുനേരെ പ്രക്ഷോഭകർ ഞായറാഴ്ച ആക്രമണം നടത്തി. പ്രവേശനകവാടവും ജനലുകളും തല്ലിത്തകർത്ത പ്രക്ഷോഭകർ കെട്ടിടത്തിൻറെ ചുവരുകളിൽ ചുവന്നമഷിയൊഴിക്കുകയും തീയിടുകയുംചെയ്തു.

Content Highlights: Knife attacks in Hong Kong: Four injured