സോള്‍: ദക്ഷിണകൊറിയന്‍ സംവിധായകന്‍ കിം കി ഡുക്കിന്റെയും മുന്‍നിര നടന്‍ ചോ ജേ ഹ്യൂനിന്റെയും പേരില്‍ ബലാത്സംഗാരോപണവുമായി നടി രംഗത്തെത്തി. വര്‍ഷങ്ങള്‍ക്കുമുന്‍പ് ഡുക്കിന്റെ സിനിമയില്‍ അഭിനയിക്കാനായെത്തിയ തന്നെ അദ്ദേഹം ബലാത്സംഗംചെയ്തതായി നടി എം.ബി.സി. ടി.വി.യോട് അവര്‍ പറഞ്ഞു.

ഉള്‍നാടന്‍ഗ്രാമത്തില്‍ നടന്ന ചിത്രീകരണത്തിനിടെ തിരക്കഥ ചര്‍ച്ചചെയ്യാനെന്ന പേരില്‍ മുറിയില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു. സിനിമയില്‍ നായകനായി അഭിനയിച്ച ചോ ജേ ഹ്യൂനും തന്നെ പീഡിപ്പിച്ചതായി അവര്‍ ആരോപിച്ചു. സംഭവത്തെത്തുടര്‍ന്ന് അഭിനയം മതിയാക്കി. വര്‍ഷങ്ങളോളം ചികിത്സയിലായിരുന്നുവെന്ന് നടി പറഞ്ഞു.

നടിയുമായി ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണ് നടന്നതെന്ന് ഡുക്ക് പ്രതികരിച്ചു. സംവിധായകനെന്ന പദവിയുപയോഗിച്ച് സ്വന്തം ആനന്ദനിവൃത്തി വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കിം കി ഡുക്ക് മോശമായി പെരുമാറിയെന്ന ആരോപണവുമായി മറ്റൊരു നടി രംഗത്തെത്തിയിരുന്നു. ആരോപണം നേരിടുന്ന കിം കി ഡുക്കിനെ ബെര്‍ലിന്‍ ചലച്ചിത്രോത്സവത്തില്‍ ക്ഷണിച്ചത് വിവാദവുമായി.