ഷാർജ: നാട്ടിൽ ഒരു സ്വപ്നഭവനം കണ്ടെത്താനുള്ള മോഹവുമായെത്തിയ വൻ ജനാവലിയുടെ പങ്കാളിത്തത്തോടെ രണ്ടാമത് കേരള പ്രോപ്പർട്ടി എക്‌സ്‌പോ ശനിയാഴ്ച സമാപിച്ചു. മാതൃഭൂമി ഡോട്ട് കോമിന്റെ നേതൃത്വത്തിൽ ക്രെഡായിയുടെ സഹകരണത്തോടെയായിരുന്നു മേള.

വെള്ളിയാഴ്ച കാലത്ത് ഷാർജ എക്‌സ്‌പോ സെന്ററിൽ ആരംഭിച്ച രണ്ടുദിവസത്തെ മേളയിൽ ആയിരങ്ങളാണ് എത്തിയത്. ശനിയാഴ്ച വൈകീട്ട് നടന്ന സമാപന ചടങ്ങിൽ ഷാർജ രാജകുടുംബാംഗവും ഷാർജ ഇസ്‌ലാമിക് അഫയേഴ്സ് വകുപ്പ് മേധാവിയുമായ ശൈഖ് അബ്ദുള്ള മൊഹമ്മദ് ഖാലിദ് അഹമ്മദ് അൽ ഖാസിമി മുഖ്യാതിഥിയായിരുന്നു. മേളയിൽ പങ്കെടുത്ത കേരളത്തിൽനിന്നുള്ള ബിൽഡർമാർക്ക് അദ്ദേഹം മാതൃഭൂമിയുടെ ഉപഹാരം സമ്മാനിച്ചു. പ്രവാസികൾക്ക് വേണ്ടി മാതൃഭൂമി ഒരുക്കിയ ഈ സംരംഭത്തിന് വേദിയായി ഷാർജയെ തിരഞ്ഞെടുത്തത് വലിയ നേട്ടമായി കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതിസൗന്ദര്യംകൊണ്ട് അനുഗൃഹീതമായ കേരളത്തിൽ ഒരു വീട് വാങ്ങുന്ന കാര്യം പരിഗണനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച ജന്മദിനം ആഘോഷിക്കുന്ന രാജകുടുംബാംഗത്തിനുവേണ്ടി മാതൃഭൂമി ഒരുക്കിയ കേക്ക് മുറിച്ചുകൊണ്ട് അദ്ദേഹം അതിൽ പങ്കുചേർന്നു. ക്രെഡായ് പ്രതിനിധികളായ രവി ജേക്കബ്, അബ്ദുൾ ലത്തീഫ്, അരുൺകുമാർ, സേതുനാഥ്, ജോൺ തോമസ്, സിൽവർ ഹോംസ് ഡയറക്ടർ വി.എ. സലിം, മാതൃഭൂമി ജനറൽ മാനേജർ പി.എസ്. ശ്രീകുമാർ എന്നിവരും സംബന്ധിച്ചു. ചിത്രരചനാമത്സര ജേതാക്കൾക്കുള്ള അവാർഡുകളും അദ്ദേഹം സമ്മാനിച്ചു. മാതൃഭൂമി ചീഫ് പബ്ലിക് റിലേഷൻസ് മാനേജർ കെ.ആർ. പ്രമോദ് മാതൃഭൂമിയുടെ ഉപഹാരം സമ്മാനിച്ചു.

വൈകീട്ട് മേള കാണാനെത്തിയ ബുഖാദിർ ഗ്രൂപ്പ് ഡയറക്ടർ ഖലഫ് അബ്ദുൾ റഹ്മാൻ ബുഖാദിറും കേരളത്തിൽ ഒരു വീട് വാങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു.

Content Highlights: Kerala Property Expo, Sharjah