ജനീവ: ഇക്കൊല്ലം ലോകംകണ്ട ഏറ്റവുംവലിയ പ്രകൃതിദുരന്തം കേരളത്തിലുണ്ടായ മഹാപ്രളയമെന്ന് അന്താരാഷ്ട്ര റിപ്പോർട്ട്. ആൾനാശം കണക്കാക്കിയാണിത്. സാമ്പത്തികനഷ്ടത്തിന്റെ കണക്കെടുപ്പിൽ ആഗോളദുരന്തങ്ങളിൽ നാലാമതാണ് ഓഗസ്റ്റിലുണ്ടായ പ്രളയം. ലോക കാലാവസ്ഥാസംഘടന (ഡബ്ല്യു.എം.ഒ.) വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോർട്ടിലാണ് കേരളത്തിലെ പ്രളയത്തിന്റെ ആഘാതം വിലയിരുത്തിയിട്ടുള്ളത്.

1924-നുശേഷം കേരളംകണ്ട ഏറ്റവുംവലിയ പ്രളയം 54 ലക്ഷംപേരെ ബാധിച്ചു. 223 പേർ മരിച്ചു. 14 ലക്ഷം പേർക്ക് വീടുവിട്ടുപോകേണ്ടിവന്നു. സംസ്ഥാനത്തിന് 30,000 കോടി രൂപയുടെ (430 കോടി യു.എസ്. ഡോളർ) സാമ്പത്തികനഷ്ടമുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, 483 പേർ മരിച്ചതായാണ് സംസ്ഥാനത്തിന്റെ കണക്ക്.

ജപ്പാൻ, കൊറിയ, നൈജീരിയ എന്നിവിടങ്ങളിലുണ്ടായ പ്രളയവും പാകിസ്താനിലുണ്ടായ ഉഷ്ണതരംഗവുമാണ് ആൾനാശത്തിന്റെ കാര്യത്തിൽ കേരളത്തിന്‌ തൊട്ടുപിന്നിലുള്ളത്. സെപ്റ്റംബറിൽ യു.എസിലുണ്ടായ ഫ്ളോറൻസ് ചുഴലിക്കാറ്റാണ് ഏറ്റവുംവലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയത്. 35,000 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

ആൾനാശത്തിൽ കേരളത്തിന്‌ തൊട്ടുപിന്നിലുള്ള ജപ്പാനിൽ ജൂൺ-ജൂലായ് മാസങ്ങളിലുണ്ടായ പ്രളയത്തിൽ 230 പേർ മരിച്ചു. െസപ്റ്റംബറിൽ നൈജീരിയയിലുണ്ടായ പ്രളയത്തിൽ നൂറിലേറെപ്പേർ മരിച്ചു. ഉത്തരകൊറിയയിലെ വെള്ളപ്പൊക്കത്തിൽ 76 പേർ മരിച്ചു. 75 പേരെ കാണാതായി. പാകിസ്താനിലെ ഉഷ്ണതരംഗത്തിൽ 65 പേരാണ് മരിച്ചത്.

2017-ൽ ഇന്ത്യയിലാകെ മഴക്കെടുതികളിലും വെള്ളപ്പൊക്കത്തിലുമുണ്ടായതിലുമേറെയാണ് കേരളത്തിലെ മഹാപ്രളയത്തിലുണ്ടായ നഷ്ടം. വീട്, കൃഷിനാശമുൾപ്പെടെ 18,279 കോടി രൂപയുടെ നഷ്ടമാണ് ഇന്ത്യയിൽ കഴിഞ്ഞവർഷം ഉണ്ടായതെന്ന് കേന്ദ്ര ജലക്കമ്മിഷൻ വിലയിരുത്തുന്നു. എന്നാൽ, കേരളത്തിൽ മഹാപ്രളയമുണ്ടാക്കിയത് 20,000 കോടിരൂപയുടെ നഷ്ടമാണെന്നാണ് ജലക്കമ്മിഷൻ വിലയിരുത്തൽ.

എന്നാൽ, നഷ്ടം ഇതിലെത്രയോ അധികമാണെന്ന് ലോകബാങ്കും യു.എന്നും സംസ്ഥാനസർക്കാരും കണക്കാക്കുന്നു. ലോകബാങ്കും യു.എന്നും തയ്യാറാക്കിയ റിപ്പോർട്ടിൽ 31,000 കോടിരൂപയുടെ നഷ്ടം സൂചിപ്പിക്കുന്നു. യഥാർഥ നഷ്ടം ഇതിലുമേറെയാണെന്ന് സംസ്ഥാനസർക്കാർ വാദിക്കുന്നു.

സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ 33 ലക്ഷംപേരുടെ തൊഴിലവസരങ്ങളെ പ്രളയം പ്രതിസന്ധിയിലാക്കിയെന്ന് ക്ലൈമറ്റ് ട്രെൻഡ്സ് എന്ന കാലാവസ്ഥാ ഗവേഷണസംഘടന പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. കാലാവസ്ഥാമാറ്റമാണ് കേരളത്തിൽ അസാധാരണ മഴയ്ക്കിടയാക്കിയതെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പും കഴിഞ്ഞദിവസം റിപ്പോർട്ടുചെയ്തിരുന്നു.

മിക്ക ജില്ലകളിലും വെള്ളപ്പൊക്കവും ഉരുൾപൊട്ടലും

മരണം -483

ബാധിച്ചത് -3,91,484 കുടുംബങ്ങൾ

ദുരിതാശ്വാസ ക്യാമ്പിൽ- 14,50,707 പേർ

യു.എന്നും ലോകബാങ്കും വിലയിരുത്തിയ നഷ്ടം -31,000 കോടിരൂപ

പൂർണമായി തകർന്നത് -16,807 വീടുകൾ

content highlights: kerala flood 2018