സ്റ്റോക്‌ഹോം: ബ്രിട്ടീഷ് സാഹിത്യകാരന്‍ കസൂവോ ഇഷിഗൂരോയ്ക്ക് (62) സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം. മനുഷ്യമനസ്സിന്റെ അഗാധതകളുടെ മറനീക്കാന്‍ പോന്ന വൈകാരികശക്തിയുള്ള നോവലുകളാണ് ഇദ്ദേഹത്തിന്റേതെന്ന് സ്വീഡിഷ് അക്കാദമി പറഞ്ഞു.

'ദ റിമെയിന്‍സ് ഓഫ് ദ ഡേ', 'ദ ബറീഡ് ജയന്റ്', 'നെവര്‍ ലെറ്റ് മി ഗോ', 'ആന്‍ ആര്‍ട്ടിസ്റ്റ് ഓഫ് ദ ഫ്‌ലോട്ടിങ് വേള്‍ഡ്' തുടങ്ങി ഏഴ് നോവലുകളും തിരക്കഥകളും എഴുതിയിട്ടുണ്ട്. പുരസ്‌കാരം മഹത്തായ ബഹുമതിയാണെന്ന് ഇഷിഗൂരോ പറഞ്ഞു.

ജപ്പാനിലെ നാഗസാക്കിയിലാണ് ജനനം. ഇദ്ദേഹത്തിന് അഞ്ചുവയസ്സുള്ളപ്പോള്‍ കുടുംബം ബ്രിട്ടനിലേക്ക് കുടിയേറി. 'എ പെയ്ല്‍ വ്യൂ ഓഫ് ഹില്‍സ്' (1982) ആണ് ആദ്യ നോവല്‍. രണ്ടാം ലോകമഹായുദ്ധത്തില്‍ അമേരിക്ക അണുബോംബിട്ടു തകര്‍ത്ത മാതൃനാടാണ് ഈ നോവലിന്റെ പശ്ചാത്തലം.

ജെയ്ന്‍ ഓസ്റ്റിന്റെയും ഫ്രാന്‍സ് കാഫ്കയുടെയും മര്‍സല്‍ പ്രൂസ്റ്റിന്റെയും കൃതികളുടെ മിശ്രണമാണ് ഇഷിഗൂരോയുടെ നോവലുകളെന്ന് സ്വീഡിഷ് അക്കാദമി പറഞ്ഞു. 90 ലക്ഷം ക്രോണറാണ് (7.2 കോടി രൂപ) പുരസ്‌കാരത്തുക.