ചണ്ഡീഗഢ്/ഇസ്‌ലാമാബാദ്: കർത്താർപുർ ഇടനാഴിക്കായി സഹകരിച്ച പാക് പ്രധാനമന്ത്രി ഇമ്രാൻഖാന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പഞ്ചാബിലെ ഗുരുദാസ്‌പുർ ദേരാ ബാബാ നാനാക്കിനോടുചേർന്നുള്ള ഇന്റഗ്രേറ്റഡ് ചെക്‌പോസ്റ്റ് (ഐ.സി.പി.) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുൽത്താൻപുർ ലോധിയിലെ ബേർ സാഹിബ് ഗുരുദ്വാരയിൽ പ്രണാമം അർപ്പിച്ച പ്രധാനമന്ത്രി ഇന്ത്യയിൽനിന്നുള്ള ആദ്യ 500 തീർഥാടകർക്ക് ഫ്ളാഗ് ഓഫും നൽകി.
‘‘ഇന്ത്യയുടെ വികാരത്തെ മാനിച്ച പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് നന്ദി അറിയിക്കുന്നു. ഗുരു നാനാക് ദേവിന്റെ ജന്മവാർഷികത്തിന് മുമ്പായി കർത്താർപുർ ഇടനാഴി തുറന്നതിൽ വലിയ സന്തോഷമുണ്ട്. ഇതിനായി സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു. സത്യവും ആത്മാർഥതയും പുരോഗതിയിലേക്കുള്ള വഴി തുറക്കുമെന്ന് ഗുരു നാനാക് ദേവ് നമ്മെ പഠിപ്പിച്ചു. അദ്ദേഹം പഠിപ്പിച്ച പാഠങ്ങൾ ഇന്നത്തെ ലോകത്തിലും പ്രസക്തമാണ്’’ -മോദി പറഞ്ഞു.
ആഘോഷങ്ങൾക്ക് മേൽനോട്ടം വഹിച്ച ഗുരുദ്വാര പ്രബദ്ധക്ക് സമിതി മുൻ മേധാവി ജാഗിർ കൗർ പ്രധാനമന്ത്രിയെ സ്വാഗതംചെയ്ത് ആദരസൂചകമായി ശിരോവസ്ത്രമായ ‘സിരോപ’ അണിയിച്ചു. അകാൽ തഖ്ത് ജതേന്ദർ ഗിയാനി ഹർപ്രീത് സിങ്ങിന്റെ നേതൃത്വത്തിലാണ് ആദ്യസംഘം തീർഥാടനം നടത്തിയത്.
പഞ്ചാബിലെ ദേരാ ബാബാ നാനാക് ഗുരുദ്വാരയെ പാകിസ്താനിലെ കർത്താർപുർ ദർബാർ സാഹിബ് ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയിലേക്കുള്ള പാസഞ്ചർ ടെർമിനൽ കെട്ടിടമാണ് ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ്. അവിടെനിന്നാണ് നാലരക്കിലോമീറ്റർ നീളത്തിലുള്ള ഇടനാഴിയിലേക്ക് പ്രവേശനം അനുവദിക്കുക.
പാകിസ്താൻ സമാധാനത്തിന് പ്രതിജ്ഞാബദ്ധർ -ഇമ്രാൻ ഖാൻ
കർത്താർപുർ ഇടനാഴിതുറന്ന് സമാധാനത്തിനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധതയാണ് സാക്ഷ്യപ്പെടുത്തിയിരിക്കുന്നെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇടനാഴി ഔദ്യോഗികമായി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
‘‘ആരാധനാലയങ്ങളുടെ പവിത്രതയും അന്തസ്സും മുസ്‌ലിങ്ങൾ മനസ്സിലാക്കുന്നു. ബാബാ ഗുരുനാനാക് ദേവിനോടും സിഖ് വംശജരോടുമുള്ള പാകിസ്താന്റെ ബഹുമാനമാണ് ഇവിടെ പ്രതിഫലിച്ചിരിക്കുന്നത്. സമാധാനത്തിലൂടെ മാത്രമേ വരുംതലമുറയുടെ പുരോഗതിയും മികച്ച ഭാവിയും സാധ്യമാകൂ. അതിർത്തി മാത്രമല്ല, സിഖ് വിഭാഗത്തിന് ഞങ്ങളുടെ ഹൃദയവും തുറന്നുകൊടുത്തിരിക്കുകയാണ്. ഈ ചരിത്രദിനത്തിൽ ഇരുരാജ്യങ്ങളിലുമുള്ള സിഖ് വംശജർക്ക് ആശംസകൾ അറിയിക്കുന്നു’’ -ഇമ്രാൻ പറഞ്ഞു. കർത്താർപുരിലേക്ക് 76 കൗണ്ടറുകളാണ് പാകിസ്താൻ സജ്ജീകരിച്ചിരുന്നത്.