ബംഗ്ലൂരു: ഗൂഗിളിൽ തിരയുമ്പോൾ ഇന്ത്യയിലെ ഏറ്റവും മോശപ്പെട്ട ഭാഷ ഏതെന്ന ചോദ്യത്തിന് ഉത്തരമായി ആദ്യം കന്നഡ ഭാഷ വരുന്നതിനെത്തുടർന്നുണ്ടായ പ്രതിഷേധത്തിൽ ക്ഷമാപണം നടത്തി ഗൂഗിൾ കമ്പനി അധികൃതർ. എന്നാൽ, സംഭവത്തിൽ ഗൂഗിളിനെതിരേ നിയമനടപടിക്കൊരുങ്ങുകയാണ് കർണാടക സർക്കാർ.

2,500 വർഷങ്ങൾക്കുമുമ്പ് രൂപംകൊണ്ട കന്നഡ ഭാഷയ്ക്ക് അതിന്റേതായ ചരിത്രമുണ്ട്. ഗൂഗിളിന്റെ നടപടി കന്നഡികരുടെ അഭിമാനത്തെ മുറിവേൽപ്പിക്കുന്നതാണ് - കർണാടക മന്ത്രി അരവിന്ദ് ലിംബാവലി ട്വീറ്റ് ചെയ്തു. കന്നഡ മാത്രമല്ല, ഒരു ഭാഷയും മോശമല്ല, ഭാഷകൾക്കെതിരായ ഗൂഗിളിന്റെ നടപടി വേദനാജനകമാണെന്ന് മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും പറഞ്ഞു.

എന്നാൽ, സംഭവത്തിൽ അതിയായ ദുഃഖമുണ്ടെന്നും തങ്ങളുടെ തിരയൽ അൽഗോരിതത്തിലുണ്ടായ തെറ്റാണെന്നും ഗൂഗിൾ വിശദീകരിച്ചു. ഭാവിയിൽ ഇത്തരം തെറ്റ് തിരുത്തി മുന്നോട്ടുപോകുമെന്നും ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമചോദിക്കുന്നതായും ഗൂഗിൾ പ്രസ്താവനയിലൂടെ അറിയിച്ചു.