വാഷിങ്ടൺ: യു.എസ്. വൈസ് പ്രസിഡൻറ്‌ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമലാ ഹാരിസും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥി മൈക്ക് പെൻസും തമ്മിലുള്ള ആദ്യസംവാദം ബുധനാഴ്ച നടക്കും. യൂട്ടായിലെ സാൾലേക്ക് സിറ്റിയിൽ നടക്കുന്ന സംവാദം മാധ്യമപ്രവർത്തകയായ സൂസൻ പേജിന്റെ മധ്യസ്ഥതയിലാകും അരങ്ങേറുക.

അമേരിക്കയുടെ ചരിത്രത്തിലാദ്യമായാണ് ഇന്ത്യൻ വംശജയായ ഒരു വ്യക്തി വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ സംവാദത്തിൽ മാറ്റുരയ്ക്കുന്നത്. സംവാദവേദിയിൽ കമലയുടെയും പെൻസിന്റെയും ഇടയിൽ ഗ്ലാസുകൾ സ്ഥാപിക്കുമെന്ന് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പത്തുമിനിറ്റുവീതം ദൈർഘ്യമുള്ള ഒമ്പത് വിഭാഗങ്ങളായാകും സംവാദം നടക്കുക. മധ്യസ്ഥൻ ചോദ്യംചോദിച്ചശേഷം പ്രതികരിക്കാൻ ഇരുസ്ഥാനാർഥികൾക്കും രണ്ടുമിനിറ്റ്‌ അനുവദിക്കും. വിഷയത്തിൽ ആഴത്തിലുള്ള ചർച്ചയ്ക്കാകും ശേഷിക്കുന്ന സമയം ഉപയോഗിക്കുക.