വാഷിങ്ടൺ: ഏറെക്കാലമായി തുടരുന്ന കുടിയേറ്റ പ്രശ്നത്തിന് പരിഹാരം കാണാനുള്ള ചുമതല വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ ഏൽപ്പിച്ച് ജോ ബൈഡൻ. അമേരിക്കയുടെ തെക്കൻ അതിർത്തിവഴിയുള്ള കുടിയേറ്റങ്ങളുടെ മൂലകാരണം പരിശോധിച്ച് അവ പരിഹരിക്കുന്നതിനുള്ള നയതന്ത്രചുമതലയാണ് ബുധനാഴ്ച കമലയ്ക്കു നൽകിയത്. വൈസ് പ്രസിഡന്റ് ആയശേഷം കമലയുടെ ആദ്യ നയതന്ത്രദൗത്യമാണിത്.

മെക്സിക്കോ, ഗ്വാട്ടിമാല, എൽ സാൽവഡോർ, ഹോൺഡുറസ് തുടങ്ങിയ മധ്യ അമേരിക്കൻ രാജ്യങ്ങളിൽനിന്നുമാണ് തെക്കൻ അതിർത്തി വഴി കുടിയേറ്റക്കാർ അധികവും എത്തുന്നത്. ഈ രാജ്യങ്ങളുമായി പരസ്പര ബഹുമാനത്തിന്റെയും പൊതു മൂല്യങ്ങളുടെയും അടിസ്ഥാനത്തിലുള്ള ബന്ധമാണ് വൈറ്റ്ഹൗസിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി സ്വന്തം രാജ്യങ്ങളിലേക്ക് മടക്കിയയക്കുന്ന കുടിയേറ്റക്കാരെ സ്വീകരിക്കുന്നതിനുവേണ്ട കാര്യങ്ങൾ രാജ്യങ്ങളുമായി ചർച്ചചെയ്യും. രാജ്യങ്ങളിലെ സാമ്പത്തിക അഭിവൃദ്ധി, അഴിമതിക്കെതിരേയുള്ള പോരാട്ടം, നീതിന്യായ വ്യവസ്ഥ ശക്തിപ്പെടുത്തുക തുടങ്ങിയവ പരിഹരിക്കുന്നതിലൂടെ കുടിയേറ്റങ്ങൾ കുറയ്ക്കുകയാണ് ലക്ഷ്യമെന്നും വൈറ്റ്ഹൗസ് വ്യക്തമാക്കി.

കുടിയേറ്റപ്രശ്നത്തിൽ പരിഹാരം കാണാൻ അമേരിക്കയിലെ രണ്ടാമത്തെ വലിയ അറ്റോർണി ജനറലായി പ്രവർത്തിച്ച കമലയെക്കാൾ യോഗ്യത മറ്റാർക്കുമില്ലെന്ന് ബൈഡൻ അഭിപ്രായപ്പെട്ടു. കുടിയേറ്റങ്ങളിലെ കുതിച്ചുചാട്ടം കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് തുടങ്ങിയതെങ്കിലും പ്രശ്നം മാനുഷികമായി പരിഹരിക്കുക നിലവിലെ സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ബൈഡൻ ചൂണ്ടിക്കാട്ടി. കുടിയേറ്റങ്ങൾ തടയാനായി ഡൊണാൾഡ് ട്രംപ് പണിതുകൊണ്ടിരുന്ന മതിലിന്റെ നിർമാണം നിർത്തുകയായിരുന്നു അധികാരത്തിലെത്തിയ ഉടൻ ബൈഡൻ കൈക്കൊണ്ട സുപ്രധാന നടപടികളിലൊന്ന്.

Content Highlights: Kamala Harris US