സിങ്കപ്പൂർ സിറ്റി: ക്യൂബയിലെ യു.എസ്. നയതന്ത്രപ്രതിനിധികളിൽ കണ്ട ഹവാന സിൻഡ്രോം എന്ന അജ്ഞാത മസ്തിഷ്കരോഗ ലക്ഷണങ്ങൾ വിയറ്റ്നാമിൽ സ്ഥിരീകരിച്ചതോടെ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ വിയറ്റ്നാം യാത്ര മൂന്നുമണിക്കൂറോളം നീട്ടി. വിയറ്റ്നാമിലെ യു.എസ്. എംബസിയിലെ രണ്ട് ഉദ്യോഗസ്ഥർക്കാണ് രോഗം കണ്ടെത്തിയത്. സുരക്ഷ വിലയിരുത്തിയശേഷം കമലയും പ്രതിനിധസംഘവും സിങ്കപ്പൂരിൽനിന്ന് വിയറ്റ്നാമിലേക്ക് യാത്ര തിരിച്ചെന്നും ജീവനക്കാർക്ക് ചികിത്സയുറപ്പാക്കുമെന്നും വൈറ്റ്ഹൗസ് അറിയിച്ചു.

2016-17 കാലഘട്ടത്തിൽ ക്യൂബൻ തലസ്ഥാനമായ ഹവാനയിലെ യു.എസ്., കനേഡിയൻ എംബസി ജീവനക്കാരിലാണ് അജ്ഞാത രോഗലക്ഷണം ആദ്യമായി കണ്ടത്. പിന്നീട് റഷ്യ, ചൈന, ഓസ്ട്രിയ എന്നിവയടക്കം ലോകമെമ്പാടുമുള്ള നൂറുകണക്കിന് യുഎസ്. നയതന്ത്രജ്ഞർ, ചാരന്മാർ, സൈനികർ എന്നിവർക്ക് രോഗം സ്ഥിരീകരിച്ചു. രോഗകാരണം ഇതുവരെ വ്യക്തമല്ലെങ്കിലും ചില സൂക്ഷ്മതരംഗങ്ങളാവാം തലച്ചോറിൽ പ്രശ്നങ്ങളുണ്ടാക്കുന്നതെന്നാണ് അനുമാനം. അമേരിക്കൻ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടു നടക്കുന്ന ജൈവായുധപ്രയോഗമാവാം ഇതെന്നും വാദമുണ്ട്.

എന്താണ് ഹവാന സിൻഡ്രോം

പെട്ടെന്നുള്ള തലകറക്കം, ആശയക്കുഴപ്പം, ഓക്കാനം, ഓർമക്കുറവ്, ദീർഘകാലം നീണ്ടുനിൽക്കുന്ന തലവേദന, കേൾവിക്കുറവ്, ശാരീരിക പ്രശ്നങ്ങൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചിലരുടെ തലച്ചോറിന് പ്രശ്നങ്ങളുണ്ടായി. ദീർഘകാല പ്രശ്നങ്ങളെത്തുടർന്ന് ജോലിയിൽ ശ്രദ്ധിക്കാനാവാതെ ഏതാനും ഉദ്യോഗസ്ഥർ സ്വയം വിരമിച്ചിട്ടുമുണ്ട്.