വാഷിങ്ടൺ: ഭരണനിർവഹണത്തിന്റെ നിർണായക സ്ഥാനങ്ങളിൽ വനിതകളെ നിയമിച്ച് നിയുക്ത യു.എസ്. വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. വൈസ് പ്രസിഡന്റിന്റെ ചീഫ് ഓഫ് സ്റ്റാഫായി ടിന ഫ്ളോർനോയി, ആഭ്യന്തരനയ ഉപദേഷ്ടാവായി രോഹിനി കോസോഗ്ലു, ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നാൻസി മകെൽഡൗണി എന്നിവരുടെ നിയമനങ്ങളാണ് കമല പ്രഖ്യാപിച്ചത്.

‘‘പുതുതായി നിയമിക്കപ്പെട്ടവർ ബാക്കി സംഘാംഗങ്ങൾക്കൊപ്പം കോവിഡിനെ നിയന്ത്രണത്തിലാക്കാനും സമ്പദ് വ്യവസ്ഥ ഉത്തരവാദിത്വത്തോടെ തുറക്കാനും ലോകത്തിനുമേലുള്ള അമേരിക്കയുടെ നേതൃത്വം പുനഃസ്ഥാപിക്കാനും പരിശ്രമിക്കും’’ -കമല പറഞ്ഞു.

ഡെമോക്രാറ്റിക് പാർട്ടിയിൽ ഒട്ടേറെ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ഫ്ളോർനോയി ഇപ്പോൾ മുൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെ ചീഫ് ഓഫ് സ്റ്റാഫായി പ്രവർത്തിക്കുകയാണ്. നിലവിൽ കമലാ ഹാരിസിന്റെ മുതിർന്ന ഉപദേഷ്ടാവാണ് ശ്രീലങ്കൻ വംശജയായ കോസോഗ്‌ലു. യു.എസ്. സെനറ്റിൽ ചീഫ് ഓഫ് സ്റ്റാഫാകുന്ന ആദ്യ ദക്ഷിണ ഏഷ്യൻ വനിതയായിരുന്നു. കമലാ ഹാരിസിന്റെ സെനറ്റ് ഓഫീസിലും പ്രസിഡന്റ് സ്ഥാനാർഥിത്വത്തിനായുള്ള പ്രചാരണങ്ങളിലും ചീഫ് ഓഫ് സ്റ്റാഫായി പ്രവർത്തിച്ചിരുന്നു.

വിദേശ സർവീസിൽ 30 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന മകെൽഡൗണി 2008-’09 കാലഘട്ടത്തിൽ ബൾഗേറിയയിലെ യു.എസ്. സ്ഥാനപതിയായിരുന്നു. തുർക്കിയിലും അസർബയ്ജാനിലും ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായും പ്രവർത്തിച്ചിട്ടുണ്ട്. നാറ്റോ, യൂറോപ്യൻ യൂണിയൻ ഉൾപ്പെടെയുള്ളവയുമായി യു.എസ്. സഹകരണത്തിന് നേതൃത്വം നൽകിയിരുന്നു.

content highlights: Kamala Harris Chooses All Women Team To Advise Her