കാബൂള്‍: അഫ്ഗാനിസ്താന്റെ തലസ്ഥാനമായ കാബൂളില്‍ ശനിയാഴ്ചയുണ്ടായ ചാവേറാക്രമണത്തില്‍ 15 സൈനികര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരും പരിക്കേറ്റവരും പട്ടാളത്തില്‍ ചേര്‍ന്ന് അധികമാകാത്തവരാണ്.

ശനിയാഴ്ച ഉച്ചയ്ക്ക് സൈനിക കേഡറ്റുകളുമായി മാര്‍ഷല്‍ ഫാഹിം സൈനിക അക്കാദമിയില്‍നിന്ന് പുറത്തേക്ക് വരികയായിരുന്ന വാഹനത്തിനടുത്തേക്ക് നടന്നെത്തിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പ്രതിരോധ വക്താവ് ദവ്!ലത് വസീരി പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

24 മണിക്കൂറിനുള്ളില്‍ കാബൂളില്‍ നടക്കുന്ന രണ്ടാമത്തേതും ചൊവ്വാഴ്ചയ്ക്ക് ശേഷം നടക്കുന്ന ഏഴാമത്തെയും ചാവേര്‍ ആക്രമണമാണിത്. വെള്ളിയാഴ്ച കാബൂളിലെയും ഘോര്‍ പ്രവിശ്യയിലെയും ഷിയാ പള്ളികളില്‍ നടന്ന സ്‌ഫോടനങ്ങളില്‍ 63 പേര്‍ കൊല്ലപ്പെട്ടിരുന്നു.