കാബൂള്‍: അഫ്ഗാനിസ്താന്‍ പാര്‍ലമെന്റിനുസമീപം ചൊവ്വാഴ്ചനടന്ന ഇരട്ടസ്‌ഫോടനത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു. എഴുപതോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. തിരക്കേറിയ സമയത്താണ് സ്‌ഫോടനം നടന്നതെന്ന് അധികൃതര്‍ പറഞ്ഞു.

കൊല്ലപ്പെട്ടവരില്‍ ദേശീയ സുരക്ഷാ ഡയറക്ടറേറ്റിന്റെ ജില്ലാ മേധാവിയും ഉള്‍പ്പെടുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. അഫ്ഗാന്‍ ഇന്റലിജന്‍സ് ഏജന്‍സി ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് സ്‌ഫോടനം നടത്തിയതെന്ന് താലിബാന്‍ വക്താവ് അറിയിച്ചു. അഫ്ഗാനിലെ ഹെല്‍മണ്ട് പ്രവിശ്യയിലെ ലഷ്‌കര്‍ ഗാഹില്‍ ഏഴുപേര്‍ കൊല്ലപ്പെട്ട ചാവേര്‍ ബോംബാക്രമണം നടന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് പാര്‍ലമെന്റ് പരിസരത്ത് ഇരട്ടസ്‌ഫോടനം നടന്നത്.

കൊല്ലപ്പെട്ടവരില്‍ അധികവും സാധാരണക്കാരും പാര്‍ലമെന്റ് ഉദ്യോഗസ്ഥരുമാണ്. പാര്‍ലമെന്റ് കെട്ടിടത്തിന്റെ പുറത്തേക്കുള്ള കവാടത്തിനുസമീപമാണ് സ്‌ഫോടനം നടന്നത്. പാര്‍ലമെന്റ് സമാജികരുടെ കാര്യാലയങ്ങള്‍ ഇതിനു സമീപമാണ്.കാല്‍നടയായെത്തിയ ചാവേറാണ് ആദ്യസ്‌ഫോടനം നടത്തിയത്. രണ്ടാമത്തെ സംഭവത്തില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

2015 ജൂണില്‍ താലിബാന്‍ അഫ്ഗാന്റെ പഴയ പാര്‍ലമെന്റ് മന്ദിരം ആക്രമിച്ചിരുന്നു. അഫ്ഗാനിസ്താനില്‍ വര്‍ധിച്ചുവരുന്ന അരക്ഷിതാവസ്ഥയ്ക്കുള്ള തെളിവാണ് കാബൂളില്‍നടന്ന സ്‌ഫോടനം. താലിബാന്‍, അല്‍-ഖായിദ, ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ നേരിടാന്‍ അഫ്ഗാന്‍ സൈന്യത്തിന് പതിനായിരത്തോളം യു.എസ്. സൈനികരുടെ സഹായമുണ്ട്. എന്നാല്‍, ഭീകരാക്രമണങ്ങള്‍ രാജ്യത്ത് തുടരുകയാണ്.