ഒട്ടാവ: കാനഡയിൽ പുതുതായി അധികാരത്തിലെത്തിയ ജസ്റ്റിൻ ട്രൂഡോയുടെ മന്ത്രിസഭയിൽ നാല് ഇന്ത്യൻ വംശജർ. ‘ശക്തവും കഴിവുള്ളതും’ എന്ന് ട്രൂഡോ വിശേഷിപ്പിച്ച 37 അംഗ മന്ത്രിസഭയിൽ ഒരു ഹിന്ദുവനിതയും മൂന്ന് സിഖ് വംശജരുമാണുള്ളത്.

തൊരൊന്തോ സർവകലാശാലയിലെ നിയമവിഭാഗം മുൻ പ്രൊഫസർ അനിത ആനന്ദ് അടക്കം ഏഴുപുതുമുഖങ്ങളെയാണ് ഉൾപ്പെടുത്തിയത്. കനേഡിയൻ മന്ത്രിസഭാംഗമാകുന്ന ആദ്യ ഹിന്ദുവനിതയാണ് അനിത. നവ്‌ദീപ് ബെയിൻസ് (42), ബർദിശ് ചഗ്ഗർ (39), ഹർജീത് സജ്ജൻ (49) എന്നിവരാണ് മറ്റുമന്ത്രിമാർ.

ബുധനാഴ്ചയാണ് ട്രൂഡോയുടെ ലിബറൽ ന്യൂനപക്ഷ സർക്കാർ അധികാരത്തിലെത്തിയത്. പൊതുസേവനം, സമ്പാദനം എന്നീ വകുപ്പുകളുടെ മന്ത്രിയാണ് അനിത. വാൻകൂവർ പോലീസ് ഡിറ്റക്ടീവും ലെഫ്റ്റനന്റ് കേണലുമായിരുന്ന സജ്ജൻ പ്രതിരോധമന്ത്രിയാണ്. ബെയിൻസ് ശാസ്ത്ര-വ്യാവസായികവിഭാഗം മന്ത്രിയാണ്. അതേസമയം, കഴിഞ്ഞതവണ മന്ത്രിസഭയിലുണ്ടായിരുന്ന അമർജീത് സോഹി ഇത്തവണയില്ല.

Content Highlights: Justin Trudeau Canada