മോണ്ട്രിയൽ: കാനഡയിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂ‍ഡോ രണ്ടാംവട്ടവും അധികാരത്തിലേക്ക്. തിങ്കളാഴ്ച നടന്ന പൊതുതിരഞ്ഞെടുപ്പിൽ നേരിയ വ്യത്യാസത്തിലാണ് ട്രൂഡോയുടെ ലിബറൽ പാർട്ടി ഒന്നാമതെത്തിയത്. കേവലഭൂരിപക്ഷം തികയ്ക്കാൻ പാർട്ടിക്ക് ആയിട്ടില്ല. ഇതോടെ ചെറുപാർട്ടികളെ ഒപ്പംകൂട്ടി ട്രൂഡോ ന്യൂനപക്ഷ സർക്കാരുണ്ടാക്കുമെന്നാണ് റിപ്പോർട്ട്.

338 സീറ്റുകളിൽ 157 സീറ്റാണ് ലിബറൽ പാർട്ടി നേടിയത്. 170 സീറ്റാണ് കേവലഭൂരിപക്ഷത്തിന്‌ വേണ്ടത്. ആൻഡ്രൂ ഷീറിൻറെ നേതൃത്വത്തിലുള്ള പ്രധാന പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടി 121 സീറ്റുമായി രണ്ടാമതെത്തി. ലിബറൽ പാർട്ടിയും കൺസർവേറ്റീവ് പാർട്ടിയും ജഗ്മീത് സിങ് നേതാവായ ന്യൂ ഡെമോക്രാറ്റിക് പാർട്ടിയും (എൻ.ഡി.പി.) തമ്മിലായിരുന്നു പ്രധാനമത്സരം. 24 സീറ്റുനേടിയ എൻ.ഡി.പി.യുടെ നിലപാട് സർക്കാർ രൂപവത്കരണത്തിൽ നിർണായകമാകും. ക്യുബെക് വിഘടനവാദികളുടെ പാർട്ടിയായ ബ്ലോക്ക് ക്യുബെക്ക് 32 സീറ്റുനേടി മൂന്നാമതെത്തി.

വോട്ടുനേട്ടത്തിൽ ലിബറൽ പാർട്ടിക്ക്‌ കനത്ത തിരിച്ചടിയാണുണ്ടായത്. 2015-ലെ തിരഞ്ഞെടുപ്പിൽ 184 സീറ്റുനേടിയാണ് ട്രൂഡോ അധികാരത്തിലെത്തിയത്. അതേസമയം, 95 സീറ്റിൽനിന്ന് 121-ലേക്ക് കൺസർവേറ്റീവുകൾ നിലമെച്ചപ്പെടുത്തി. എൻ.ഡി.പി.ക്കും കഴിഞ്ഞതവണത്തെക്കാൾ വോട്ടുകുറഞ്ഞു. ‌

വിഭജനവാദവും നിഷേധവും ജനം തള്ളിക്കളഞ്ഞെന്നും പുരോഗമന അജൻഡയ്ക്കും കാലാവസ്ഥാവ്യതിയാനം തടയാനുള്ള ശക്തമായ നടപടികൾക്കുമാണ് അവർ വോട്ടുചെയ്തതെന്നും ട്രൂഡോ പറഞ്ഞു. രാജ്യത്തെ ശരിയായ ദിശയിൽ നയിക്കുന്നതിന് തന്നിൽ വിശ്വാസമർപ്പിച്ചവർക്ക് അദ്ദേഹം നന്ദിപറഞ്ഞു. എന്നാൽ, ട്രൂഡോ സർക്കാർ വീഴുമ്പോൾ സർക്കാരുണ്ടാക്കാൻ തങ്ങൾ തയ്യാറാണെന്ന് ആൻഡ്രൂ ഷീർ മുന്നറിയിപ്പുനൽകി. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്രൂഡോയെ അഭിനന്ദിച്ചു. പോരാടിനേടിയ വിജയത്തെ അഭിനന്ദിക്കുന്നുവെന്നും ഇരുരാജ്യങ്ങളുടെയും ക്ഷേമത്തിനായി ഒന്നിച്ചുപ്രവർത്തിക്കാൻ കാത്തിരിക്കുന്നുവെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു.

മുഖംമൂടി വിവാദവും എസ്.എൻ.സി. ലാവലിനും: ജനപ്രീതി കുറഞ്ഞ് ട്രൂഡോ

അധികാരത്തിലെത്തിയെങ്കിലും കേവലഭൂരിപക്ഷം തികയ്ക്കാനാകാതെ ട്രൂഡോയുടെ പാർട്ടി കിതയ്ക്കുന്നുവെന്നത് അവഗണിക്കാനാകാത്ത വസ്തുതയാണ്. കറുത്ത മുഖംമൂടിയണിഞ്ഞ് പാർട്ടികളിൽ പങ്കെടുത്തത് വംശീയാധിക്ഷേപമെന്ന് ആരോപണമുയർന്നതും വിവാദക്കമ്പനിയായ എസ്.എൻ.സി. ലാവലിനുമായുള്ള ബന്ധവും ട്രൂഡോയുടെ ജനപ്രീതിയിൽ കാര്യമായ ഇടിവുണ്ടാക്കി. അഴിമതിയാരോപണങ്ങൾ നേരിടുന്ന ലാവലിനുമായി കരാറൊപ്പിടാൻ തന്റെ മുൻ അറ്റോർണിക്കുമേൽ സമ്മർദംചെലുത്തിയെന്നാണ് ട്രൂഡോയ്ക്കുനേരെയുള്ള ആരോപണം.

പുരോഗമനത്തിലൂന്നിയ വാഗ്ദാനങ്ങളും രാജ്യത്ത് ശരിയായ മാറ്റം കൊണ്ടുവരുമെന്ന പ്രതിജ്ഞയുമായാണ് 2015-ൽ ട്രൂഡോ കാനഡയുടെ പ്രധാനമന്ത്രിക്കസേരയിലെത്തുന്നത്. എന്നാൽ, ഇവയിൽചിലത്‌ പാലിക്കാൻ ട്രൂഡോയ്ക്കായിട്ടില്ലെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു.

2030-ഓടെ ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനം 30 ശതമാനം കുറയ്ക്കണമെന്ന പാരീസ് കാലാവസ്ഥാ ഉടമ്പടിയുടെ ലക്ഷ്യംനേടാനുള്ള നടപടി കനേഡിയൻ സർക്കാർ കൈക്കൊണ്ടിട്ടില്ല. തിരഞ്ഞെടുപ്പുപരിഷ്‍കാരം കൊണ്ടുവരുമെന്ന പ്രഖ്യാപനം പെട്ടെന്ന് ഉപേക്ഷിച്ചത് ഇടതുപാർട്ടികളിൽ ട്രൂഡോയെ അനഭിമതനാക്കി. ‌

എന്നാൽ, വാഗ്ദാനങ്ങളിൽ 92 ശതമാനവും ട്രൂഡോ പൂർണമായോ ഭാഗികമായോ നടപ്പാക്കിയിട്ടുണ്ടെന്ന് ചില സ്വതന്ത്രഗവേഷകർ വിലയിരുത്തുന്നു.

Content Highlights: Justin Trudeau Canada