അമ്മാൻ: പശ്ചിമേഷ്യൻ രാജ്യമായ ജോർദാനിൽ മുൻ കിരീടാവകാശി ഹംസ ബിൻ ഹുസൈനെ സൈന്യം വീട്ടുതടങ്കലിലാക്കി. ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിച്ചു എന്നാണ് ആരോപണം. ജനങ്ങളുമായി സംസാരിക്കാനോ പുറത്തിറങ്ങാനോ അനുവദിക്കില്ലെന്ന് സൈനികമേധാവി അറിയിച്ചതായി ഹംസ ബിൻ ഹുസൈൻ വീഡിയോസന്ദേശത്തിൽ അറിയിച്ചു. ഹംസയുടെ മാതാവ് നൂർ രാജ്ഞിയും അമ്മാനിലെ കൊട്ടാരത്തിൽ വീട്ടുതടങ്കലിലാണെന്നാണ് റിപ്പോർട്ട്. കർശന നിരീക്ഷണത്തിലാണ് ഇരുവരും.

നാലുവർഷം ജോർദാന്റെ കിരീടവകാശിയായിരുന്നു ഹംസ. സൈന്യത്തിലടക്കം ഉയർന്ന പദവികൾ വഹിച്ചിട്ടുണ്ട്. ജോർദാൻ രാജാവ് അബ്ദുല്ലയുടെ അർധസഹോദരനുമാണ്. ഗോത്രനേതാക്കളെ സന്ദർശിച്ച ഹംസ രാജകുമാരൻ അവർക്ക് പിന്തുണ ഉറപ്പുനൽകിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിനുപിന്നാലെയാണ് നടപടി. അട്ടിമറിശ്രമം ആരോപിച്ച് 20-ലധികം പേരെ അറസ്റ്റുചെയ്തിട്ടുണ്ട്. കൂടുതൽപേർക്ക് സംഭവത്തിൽ പങ്കുണ്ടെന്നും അധികൃതർ പറയുന്നു. എന്നാൽ, 20 വർഷമായി രാജ്യത്ത് അഴിമതി തുടരുകയാണെന്നും ജനങ്ങൾക്ക് ഭരണത്തിൽ വിശ്വാസം നഷ്ടപ്പെട്ടതായും ഹംസ രാജകുമാരൻ പറയുന്നു.

രാജകുടുംബാംഗങ്ങളും ഗോത്രവിഭാഗങ്ങളും രാഷ്ട്രീയനേതാക്കളും സുരക്ഷാഉദ്യോഗസ്ഥരും വിദേശസഹായത്തോടെ ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിച്ചു എന്നാണ് ആരോപണം. മുൻ ധനമന്ത്രി ബാസിം ഇബ്രാഹിം അവദല്ലാ, രാജകുടുംബാംഗം ഹസൻബിൻ സയീദ് അടക്കം ഒട്ടേറെ പ്രമുഖരെ സൈന്യം തടവിലാക്കിയെന്ന വാർത്തകൾ നേരത്തേ പുറത്തുവന്നിരുന്നു. ഹംസ രാജകുമാരനെ അറസ്റ്റുചെയ്തിട്ടില്ലെന്നും രാജ്യത്തിന്റെ സുരക്ഷയെയും സുസ്ഥിരതയെയും ബാധിക്കുന്ന കാര്യങ്ങളിൽ ഇടപെടരുതെന്ന് അദ്ദേഹത്തോട് ആവശ്യപ്പെടുകയാണ് ചെയ്തതെന്നും സൈന്യം വിശദീകരിക്കുന്നു.

സാമ്പത്തികഭദ്രതയില്ലാത്ത ജോർദാന്റെ നിലനില്പ് അമേരിക്കയുടെയും ഗൾഫ് രാജ്യങ്ങളുടെയും സഹായത്തോടെയാണ്. ഭീകരവിരുദ്ധ ശ്രമങ്ങളോട് സഹകരിക്കുന്ന ജോർദാനിലെ സംഭവങ്ങൾ അമേരിക്ക സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

Content Highlights: Jordan prince says he's confined, lashes out at authorities