വാഷിങ്ടൺ: അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ വിജയമുറപ്പിച്ചു. ഇന്ത്യൻ വംശജയായ കമലാ ഹാരിസ് അമേരിക്കൻ ചരിത്രത്തിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി. 290 ഇലക്ടറൽ വോട്ടുകൾ നേടി ജയിക്കാനാവശ്യമായ 270 എന്ന മാന്ത്രികസംഖ്യ വോട്ടെണ്ണി അഞ്ചാംദിവസമാണ് ബൈഡൻ പിന്നിടുന്നത്. 214 ഇലക്ട്രൽ വോട്ടുകളാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥിയും നിലവിലെ അമേരിക്കൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപിന് ഇതുവരെ നേടാനായത്. ഫലം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

രണ്ടുദിവസമായി 264 എന്നനിലയിൽ ബൈഡനും 214-ൽ ട്രംപും തുടരുകയായിരുന്നു. പെൻസിൽവേനിയയിലെ 20-ഉം നെവാദയിലെ ആറും ഇലക്ടറൽ വോട്ടുകൾകൂടി ശനിയാഴ്ച നേടിയതോടെയാണ് ബൈഡൻ വിജയത്തിലെത്തിയത്. വോട്ടെണ്ണൽ ഇപ്പോഴും തുടരുകയാണ്. 300-ൽ അധികം വോട്ടുകൾ ബൈഡൻ നേടുമെന്നാണ് കണക്കാക്കുന്നത്. രാഷ്ട്രീയത്തിൽ ഒരുപാരമ്പര്യവും അവകാശപ്പെടാനില്ലാത്ത റിയാലിറ്റിഷോ അവതാരകനും റിയൽ എസ്റ്റേറ്റ് വ്യവസായിയുമായിരുന്ന ട്രംപിനെ പിന്തള്ളിയാണ് അരനൂറ്റാണ്ടിന്റെ രാഷ്ട്രീയ അനുഭവസമ്പത്തുള്ള ബൈഡനെ അമേരിക്കൻ ജനത തിരഞ്ഞെടുത്തത്.

നൂറ്റാണ്ടിലെ ഏറ്റവുംവലിയ തിരഞ്ഞെടുപ്പിനാണ് അമേരിക്ക ഇത്തവണ സാക്ഷിയായത്. തപാൽ, മുൻകൂർ വോട്ടിങ് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയും പത്തുകോടി ആളുകളാണ് തിരഞ്ഞെടുപ്പിനുമുമ്പേ വോട്ടുചെയ്തത്. തപാൽവോട്ടുകൾ ഇക്കുറി അധികമായി രേഖപ്പെടുത്തിയത് ബൈഡനുള്ള വിജയസാധ്യതയായി നേരത്തേ വിലയിരുത്തപ്പെട്ടിരുന്നു.

അമേരിക്കയുടെ ഏറ്റവും പ്രായംകൂടിയ പ്രസിഡന്റാവും ബൈഡൻ. കോവിഡിനെ നിസ്സാരമായിക്കണ്ടിരുന്ന ട്രംപിനെതിരേ കോവിഡ് തന്നെയാണ് ബൈഡൻ തിരഞ്ഞെടുപ്പിൽ ആയുധമാക്കിയത്.

അമേരിക്കൻ ജനത എന്നിലും കമലാ ഹാരിസിലും അർപ്പിച്ച വിശ്വാസം എന്നെ വിനയാന്വിതനാക്കുന്നു. അഭൂതപൂർവമായ പ്രതിബന്ധങ്ങൾക്കിടയിലാണ് അമേരിക്കക്കാർ റെക്കോഡ് തോതിൽ വോട്ടുചെയ്തത്. അമേരിക്കക്കാരുടെ ഹൃദയത്തിൽ ജനാധിപത്യം തുടിക്കുന്നുണ്ടെന്ന് ഒരിക്കൽകൂടി തെളിഞ്ഞു. പ്രചാരണം അവസാനിച്ചതോടെ, കോപവും കഠിനമായ വാചാടോപവും മറന്ന് ഒരു രാഷ്ട്രമായി ഒത്തുചേരേണ്ട നേരമാണിത്. അമേരിക്ക ഐക്യപ്പെടേണ്ട നേരമാണിത്. സുഖപ്പെടുത്തേണ്ട നേരവും. നമ്മൾ അമേരിക്കൻ ഐക്യനാടാണ്, നമ്മളൊരുമിച്ചു നിന്നാൽ ചെയ്യാൻ പറ്റാത്തതായി യാതൊന്നുമില്ല.-ജോ ബൈഡൻ

ജോ ബൈഡൻ

  • മുൻ വൈസ് പ്രസിഡന്റ്, ഒബാമ പാരമ്പര്യം കരുത്ത്
  • വയസ്സ്: 77
  • ജനനം: പെൻസിൽവേനിയയിലെ സ്‌ക്രാന്റണിൽ. ഡെലാവെയറിലെ വിൽമിങ്ടണിൽ താമസം
  • ഡെലാവെയറിൽ നിന്നും ആറു തവണ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആദ്യം തിരഞ്ഞെടുക്കപ്പെടുന്നത് 1972-ൽ
  • 2008 മുതൽ 2016 വരെ ബരാക്ക് ഒബാമയുടെ കൂടെ വൈസ് പ്രസിഡന്റ്

കമലാ ഹാരിസ്

  • വയസ്സ്-56
  • ജനനം: 1964-ൽ കാലിഫോർണിയയിലെ ഓക്‌ലൻഡിൽ.
  • 2003-ൽ സാൻഫ്രാൻസിസ്കോയിൽ ഡിസ്ട്രിക്ട്‌ അറ്റോർണിയായി തിരഞ്ഞെടുക്കപ്പെട്ടു. 2010-ൽ കാലിഫോർണിയയുടെ അറ്റോർണി ജനറലായി. 2016 നവംബറിൽ കാലിഫോർണിയയിൽനിന്ന്‌ സെനറ്ററായി.
  • ഡെമോക്രാറ്റിക് പാർട്ടിയുടെ വനിതാമുഖങ്ങളിൽ ശ്രദ്ധേയ. മുൻ പ്രസിഡന്റ് ബരാക് ഒബാമയുമായി ആത്മബന്ധം

content highlights: joe biden wins american president election