വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയമുറപ്പിച്ച ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനും വൈസ് പ്രസിഡന്റ് സ്ഥാനാർഥി കമലാ ഹാരിസും ആരോഗ്യ, സാമ്പത്തിക രംഗങ്ങളിലെ പ്രവർത്തനപദ്ധതി ആവിഷ്കരിക്കുന്നതിനുള്ള നീക്കങ്ങൾ ആരംഭിച്ചു. കോവിഡ് വൈറസിനെ പിടിച്ചുകെട്ടുന്നതിനുള്ള കർമപദ്ധതി ആദ്യദിവസംതന്നെ പ്രഖ്യാപിക്കുമെന്നും ഡെലാവറിലെ വിൽമിങ്ടണിലെ ചേസ് സെന്റിൽനടന്ന പത്രസമ്മേളനത്തിൽ ബൈഡൻ പറഞ്ഞു. ആരോഗ്യ, സാമ്പത്തിക രംഗങ്ങളിലെ വിദഗ്ധരുമായും ഇരുവരും കൂടിക്കാഴ്ച നടത്തി.

പ്രസിഡന്റ് സ്ഥാനത്തിനായി ബൈഡൻ ഉന്നയിക്കുന്നത് തെറ്റായ അവകാശവാദം -ട്രംപ്

വാഷിങ്ടൺ: അമേരിക്കയുടെ 46-ാമത് പ്രസിഡന്റ് സ്ഥാനത്തിനായി ബൈഡൻ ഉന്നയിക്കുന്നത് തെറ്റായ അവകാശവാദമെന്ന് ഡൊണാൾഡ് ട്രംപ്. ‘‘പ്രസിഡന്റ് പദവിക്കായി ബൈഡൻ ഉന്നയിക്കുന്നത് തെറ്റായ അവകാശവാദമാണ്. എനിക്കുമത് ഉന്നയിക്കാനാവും. നിയമനടപടികൾ ആരംഭിക്കാനിരിക്കുന്നേയുള്ളൂ’’ -വെള്ളിയാഴ്ച ട്വീറ്റിലൂടെ ട്രംപ് വ്യക്തമാക്കി. തീവ്ര ഇടതുപക്ഷ ഡെമോക്രാറ്റുകളെ ചെറുക്കാൻ പ്രസിഡന്റ് സ്ഥാനം പ്രധാനമാണെന്നും ട്രംപ് നേരത്തേ പറഞ്ഞിരുന്നു.

സുപ്രീംകോടതിയെ സമീപിക്കുമെന്ന ട്രംപിന്റെ വാദം നിലനിൽക്കില്ലെന്ന് വിദഗ്ധർ

വാഷിങ്ടൺ: തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്ന ആരോപണത്തിനുമേൽ സുപ്രീംകോടതിയെ സമീപിക്കുമെന്ന ട്രംപിന്റെ വാദം നിലനിൽക്കില്ലെന്ന് വിദഗ്ധർ. തിരഞ്ഞെടുപ്പിൽ ഹൈക്കോടതി ഇടപെടണമെന്നും വോട്ടെണ്ണൽ നടന്നുകൊണ്ടിരിക്കെ ട്രംപ് ആവർത്തിക്കുന്നുണ്ടായിരുന്നു. 2000-ത്തിലെ തിരഞ്ഞെടുപ്പിൽ കോടതി ഇടപെടലിനെത്തുടർന്ന് ജോർജ് ബുഷ് അധികാരത്തിലേറിയ സംഭവം ചൂണ്ടിക്കാട്ടിയാണ് ട്രംപ് കോടതി ഇടപെടൽ ആവശ്യപ്പെടുന്നത്.

ഡെമോക്രാറ്റിക് സ്ഥാനാർഥി അൽ ഗോറും റിപ്പബ്ലിക്കൻ സ്ഥാനാർഥി ജോർജ് ബുഷും തമ്മിലുള്ള മത്സരത്തിൽ ഫ്ളോറിഡയിലെ വോട്ടണ്ണലിനെത്തുടർന്നുണ്ടായ തർക്കത്തിലാണ് ഫ്ളോറിഡ കോടതി ഇടപെട്ട് വോട്ടെണ്ണൽ വീണ്ടും നടത്താൻ ആവശ്യപ്പെട്ടത്. ഇതിനെതിരേ ബുഷ് സുപ്രീംകോടതിയിൽ അപ്പീൽപോയി സ്റ്റേ വാങ്ങി. തർക്കങ്ങൾ നിലനിൽക്കെ 537 വോട്ടുകൾക്ക് ബുഷ് ജയിച്ചതായി പ്രഖ്യാപിച്ചു. ഫ്ളോറിഡയിലെ നേരിയ ഭൂരിപക്ഷമാണ്‌ ബുഷിനെ അന്ന് വിജയിയാക്കിയത്.

പെൻസിൽവേനിയയിൽ മെയിൽ വോട്ടുകൾ സ്വീകരിക്കുന്നതിനും എണ്ണുന്നതിനും അധികമായി മൂന്നുദിവസം നൽകിയ തീരുമാനത്തിൽ കോടതി ഇടപെടണമെന്നാണ് ട്രംപിന്റെ ആവശ്യം. എന്നാൽ, നിലവിലെ സ്ഥിതിയിൽ പെൻസിൽവേനിയയിൽ ബൈഡൻ ട്രംപിനെക്കാളും 30,000 വോട്ടുകൾക്ക് മുന്നിലാണ്.

ഫിലഡെൽഫിയയിൽ അറസ്റ്റ്

ന്യൂയോർക്ക്: ട്രക്ക് നിറയെ വ്യാജബാലറ്റുമായെത്തിയ ആയുധധാരികളെ ഫിലഡെൽഫിയയിൽ പോലീസ് അറസ്റ്റുചെയ്തു. വോട്ടെണ്ണൽകേന്ദ്രമായ കൺവെൻഷൻ സെന്ററിന്‌ അടുത്തുവെച്ച് അന്റോണിയോ ലാ മൊട്ട, ജോഷ്വാ മക്കെയിസ് എന്നിവരെ വ്യാഴാഴ്ച രാത്രിയാണ് പോലീസ് അറസ്റ്റുചെയ്തത്. എ.ആർ. റൈഫിളും കൈത്തോക്കുമുൾപ്പെടെ വൻതോതിലുള്ള വെടിമരുന്നുകളും നിറച്ച വാഹനത്തിലാണ് സംഘം എത്തിയതെന്ന് പോലീസ് അറിയിച്ചു. ലൈസൻസില്ലാതെ ആയുധങ്ങളും വെടിമരുന്നും കൈവശംവെച്ച കുറ്റം ചുമത്തിയാണ് അറസ്റ്റ്.

ജോ ബൈഡൻ

ഇലക്ടറൽ വോട്ടുകൾ- 264

ജനകീയ വോട്ടുകൾ- 7,48,15,999

ഡൊണാൾഡ് ട്രംപ്

ഇലക്ടറൽ വോട്ടുകൾ- 214

ജനകീയ വോട്ടുകൾ- 7,05,55,927

സെനറ്റ്

റിപ്പബ്ലിക്കൻ പാർട്ടി- 48 (18+നിലവിലെ 30)

ഡെമോക്രാറ്റിക് പാർട്ടി- 46 (13+നിലവിലെ 33)

ജനപ്രതിനിധിസഭ

റിപ്പബ്ലിക്കൻ പാർട്ടി- 194

ഡെമോക്രാറ്റിക് പാർട്ടി- 212

Content Highlights: Joe Biden US president