വാഷിങ്ടൺ: യു.എസിലേക്ക് കടക്കാൻ മെക്സിക്കോ അതിർത്തിയിലെത്തുന്നവരുടെ എണ്ണം കുത്തനെ ഉയർന്നതോടെ ‘യു.എസിലേക്ക് ആരും വരരുത്’ എന്നാഹ്വാനം ചെയ്ത് പ്രസിഡന്റ് ജോ ബൈഡൻ. കുടിയേറ്റനയത്തിൽ ട്രംപ് പുലർത്തിയ തീവ്രനയങ്ങൾ ബൈഡൻ മയപ്പെടുത്തിയതാണ് കുടിയേറ്റക്കാരുടെ എണ്ണം കൂടാൻ കാരണമെന്ന് റിപ്പബ്ലിക്കൻ പാർട്ടിക്കാർ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബൈഡന്റെ പരാമർശം.

രക്ഷിതാക്കൾക്കൊപ്പമല്ലാതെ ആയിരക്കണക്കിന് കുട്ടികൾ ദിവസേന അതിർത്തിയിലെത്തുന്നത് സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.

സ്വന്തം നഗരവും ചുറ്റുപാടുകളും വിട്ട് ആരും വരരുതെന്നാണ് എ.ബി.സി.ക്കു നൽകിയ അഭിമുഖത്തിലൂടെ ബൈഡൻ ആവശ്യപ്പെട്ടത്.

ട്രംപിന്റെ കുടിയേറ്റ വിരുദ്ധനയങ്ങൾ തിരുത്തുമെന്ന പ്രഖ്യാപനത്തോടെയാണ് ബൈഡൻ അധികാരത്തിൽ വന്നത്. അതിർത്തിയിലെ മതിൽ നിർമാണത്തിൽനിന്ന് പിന്മാറുമെന്നും വിസാനിയന്ത്രണത്തിൽ ഇളവുവരുത്തുമെന്നും ബൈഡൻ അറിയിച്ചിരുന്നു.

Content Highlights: Joe Biden US