വാഷിങ്ടൺ: അമേരിക്കയുടെ 46-ാമത് പ്രസിഡന്റായി ജോ ബൈഡനും 49-ാമത് വൈസ് പ്രസിഡന്റായി കമലാ ഹാരിസും ബുധനാഴ്ച ചുമതലയേറ്റു. പരമ്പരാഗതമായി സ്ഥാനാരോഹണച്ചടങ്ങ് നടന്നുവരുന്ന കാപ്പിറ്റോൾ കെട്ടിടത്തിലെ വെസ്റ്റ് ഫ്രണ്ടിൽ 78-കാരനായ ബൈഡന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജോൺ റോബേർട്ട്സ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രണ്ടാഴ്ചമുമ്പ് ഡൊണാൾഡ് ട്രംപ് അനുകൂലികളിൽനിന്നുണ്ടായ അനിഷ്ടസംഭവങ്ങൾ ആവർത്തിക്കുമെന്ന ഭീതിയിൽ അഭൂതപൂർവമായ സുരക്ഷയായിരുന്നു ഒരുക്കിയിരുന്നത്. 25,000 സൈനികരെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു.
അധികാരക്കൈമാറ്റത്തിന് കാക്കാതെ ഭാര്യ മെലാനിയക്കൊപ്പം ട്രംപ് ബുധനാഴ്ച വൈറ്റ്ഹൗസിന്റെ പടികളിറങ്ങി. ഭാര്യ ജിൽ ബൈഡൻ വഹിച്ച 127 കൊല്ലം പഴക്കമുള്ള തന്റെ കുടുംബ ബൈബിളിൽ തൊട്ടാണ് ബൈഡൻ സത്യപ്രതിജ്ഞ ചെയ്തത്. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രായംകൂടിയ പ്രസിഡന്റാണദ്ദേഹം. സത്യപ്രതിജ്ഞയ്ക്കുശേഷം ബൈഡൻ നടത്തന്ന പ്രസംഗം തയ്യാറാക്കിയത് ഇന്ത്യൻ-അമേരിക്കക്കാരനായ വിനയ് റെഡ്ഡിയാണ്.
56-കാരിയായ കമലയ്ക്ക് സുപ്രീംകോടതിയിലെ ആദ്യ ലാറ്റിനംഗമായ ജസ്റ്റിസ് സോണിയ സൊട്ടൊമെയറാണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. കുടുംബസുഹൃത്ത് രെഗിന ഷെൽറ്റണും സുപ്രീംകോടതിയിലെ ആദ്യ ആഫ്രിക്കൻ-അമേരിക്കൻ ജസ്റ്റിസായ തർഗുഡ് മാർഷലും വഹിച്ച രണ്ട് ബൈബിളുകളിൽ തൊട്ടാണ് കമല സത്യപ്രതിജ്ഞ ചെയ്തത്.
മുൻപ്രസിഡന്റുമാരായ ബരാക് ഒബാമ, ജോർജ് ഡബ്ല്യു. ബുഷ്, ബിൽ ക്ലിന്റൺ, മുൻ പ്രഥമവനിതകളായ മിഷേൽ ഒബാമ, ലോറ ബുഷ്, ഹിലരി ക്ലിന്റൺ എന്നിവരും സന്നിഹിതരായി. ബൈഡൻകുടുംബത്തിന്റെ അടുത്ത സുഹൃത്തായ ജെസ്യൂട്ട് പുരോഹിതൻ ജെറെമിയാ ഡൊണോവൻ മംഗളസ്തുതി ചൊല്ലിയാണ് ചടങ്ങ് തുടങ്ങിയത്. ലേഡി ഗാഗ ദേശീയഗാനവും കവയിത്രി അമാൻഡ ഗോർമാൻ താനെഴുതിയ കവിതയും ചൊല്ലി. നടിയും ഗായികയുമായ ജെനിഫർ ലോപസിന്റെ ഗാനാലാപനവുമുണ്ടായിരുന്നു.
പുതിയ ഭരണകൂടത്തിനായി പ്രാർഥിക്കുന്നു -ട്രംപ്
അധികാരമൊഴിയുന്നതിനു മുന്നോടിയായി നടത്തിയ വിടവാങ്ങൽപ്രസംഗത്തിൽ പുതിയ ഭരണകൂടത്തിന് ട്രംപ് ആശംസ നേർന്നു. ബൈഡന്റെ പേരു പരാമർശിക്കാതെയുള്ള വീഡിയോ ചൊവ്വാഴ്ചയാണ് പുറത്തുവിട്ടത്. “പുതുതായി അധികാരമേൽക്കുന്ന ഭരണകൂടത്തിന് രാജ്യത്തിന്റെ സുരക്ഷയും ഐശ്വര്യവും കാത്തുസൂക്ഷിക്കുന്നതിൽ വിജയിക്കാനാവട്ടേയെന്ന് പ്രാർഥിക്കുന്നു. ആശംസകൾ അറിയിക്കുന്നു. അവർക്ക് ഭാഗ്യമുണ്ടാകട്ടെയെന്ന് ആഗ്രഹിക്കുന്നു” -ട്രംപ് പറഞ്ഞു.
യു.എസ്. സമയം രാവിലെ 8.15-നാണ്(ഇന്ത്യൻ സമയം വൈകുന്നേരം 6.45) ട്രംപ് വൈറ്റ് ഹൗസ് വിട്ടത്. ഈസമയം, തടിച്ചുകൂടിയ ചെറു ജനക്കൂട്ടത്തെ അഭിവാദ്യംചെയ്ത ട്രംപ് മറൈൻ വൺ െഹലികോപ്റ്ററിൽ വിമാനത്താവളത്തിലേക്ക് പോയി; അവിടെനിന്ന് എയർഫോഴ്സ് വൺ വിമാനത്തിൽ ഫ്ലോറിഡയിലേക്കും. ഔദ്യോഗികകാലത്തെ, ജീവിതത്തിലെ ബഹുമതിയെന്ന് ട്രംപ് വിശേഷിപ്പിച്ചു. ഫ്ളോറിഡയിലെ പാം ബീച്ചിലെ തന്റെ മാർ ആ ലാഗോ റിസോർട്ടാകും ട്രംപ് ഇനി വസതിയായി ഉപയോഗിക്കുക.
Content Highlights: Joe Biden US