വാഷിങ്ടൺ: അഞ്ചുലക്ഷത്തിലധികം ഇന്ത്യക്കാരടക്കം മതിയായ രേഖകളില്ലാത്ത പതിനൊന്നുലക്ഷം കുടിയേറ്റക്കാർക്ക് യു.എസ്. പൗരത്വം ലഭിക്കുന്നതിനായി ജോ ബൈഡൻ പ്രവർത്തിക്കും. കോൺഗ്രസിൽ കുടിയേറ്റനിയമം നവീകരിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ ബൈഡൻ അടിയന്തരമായി ആരംഭിക്കുമെന്നും കുടുംബങ്ങൾ വേർപിരിയാതിരിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്നും ബൈഡൻപക്ഷം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

കുടുംബത്തെ അടിസ്ഥാനമാക്കിയുള്ള കുടിയേറ്റവും കുടുംബ ഏകീകരണത്തിന്റെ സംരക്ഷണവും കുടിയേറ്റസമ്പ്രദായത്തിന്റെ പ്രധാന തത്ത്വങ്ങളായി ബൈഡൻ ഭരണകൂടം കണക്കാക്കുന്നതായും കുടുംബവിസകൾ മാറ്റിവെക്കുന്നത് ഒഴിവാക്കുമെന്നും പ്രസ്താവന വ്യക്തമാക്കുന്നു.

വാർഷികമായി 1,25,000 പേർക്ക് പൗരത്വം നൽകാനാണ് ലക്ഷ്യമിടുന്നത്. ട്രംപ് ഭരണകൂടം നേരത്തേ നിർത്തലാക്കാൻ തീരുമാനിച്ച ഡാക (ഡെഫേർഡ് ആക്‌ഷൻ ഫോർ ചൈൽഡ്ഹുഡ് അറൈവൽസ്) പദ്ധതിയിലെ അനിശ്ചിതത്വം ബൈഡൻ ഭരണകൂടം നീക്കും. കുട്ടികളായിരിക്കെ അനധികൃതമായി യു.എസിലെത്തിയവരെ രക്ഷിക്കാനുള്ള പദ്ധതിയാണ് ഡാക.

Content Highlights: Joe Biden US