വാഷിങ്ടൺ: ഇന്ത്യയിൽ അഞ്ചു ബൈഡൻമാരുണ്ടെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ. അതിലൊരു ബൈഡൻ ഇന്ത്യക്കാരിയെയാണ് വിവാഹം ചെയ്തതെന്ന കാര്യവും തനിക്കറിയാമെന്ന് അദ്ദേഹം പറഞ്ഞു. വൈറ്റ് ഹൗസിൽ ഉഭയകക്ഷിചർച്ചയ്ക്കു പിന്നാലെ നടന്ന സംയുക്തപത്രസമ്മേളനത്തിലാണ് ബൈഡൻ പൊട്ടിച്ചിരിയുതിർത്ത നർമം പങ്കുവെച്ചത്.

“1972-ൽ 28-ാം വയസ്സിൽ സെനറ്ററായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മുംബൈയിൽനിന്ന് ബൈഡൻ എന്നൊരാളുടെ കത്ത് എന്നെ തേടിയെത്തി. പിറ്റേന്ന് പത്രസമ്മേളനത്തിൽ ഇക്കാര്യം പറഞ്ഞപ്പോൾ ഇന്ത്യൻ മാധ്യമപ്രവർത്തകരാണ് ഇന്ത്യയിൽ അഞ്ചു ബൈഡൻമാരുണ്ടെന്ന് പറഞ്ഞത്.”-ജോ ബൈഡൻ പറഞ്ഞു.

ഇന്ത്യയിലെ ബൈഡന്മാരെക്കുറിച്ച് നേരത്തെ പറഞ്ഞിരുന്നത് താൻ മറന്നിരുന്നില്ലെന്നും അതനുസരിച്ച് ചില രേഖകൾ കൊണ്ടുവന്നിട്ടുണ്ടെന്നുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അത് ഉപകാരപ്പെടുമോ എന്നു നോക്കാമെന്നും അദ്ദേഹം പറഞ്ഞു. ശരിക്കും രേഖകൾ കൊണ്ടുവന്നിട്ടുണ്ടോയെന്നായി ബൈഡന്റെ ആശ്ചര്യം. ഉണ്ടെന്ന് മോദി മറുപടി പറഞ്ഞു.

തന്റെ അഞ്ചാംതലമുറ മുത്തച്ഛൻ ജോർജ്‌ ബൈഡൻ ഈസ്റ്റ് ഇന്ത്യ കമ്പനി വഴി ഇന്ത്യയിലെത്തിയിട്ടുണ്ടാകാം. ഒരു ഇന്ത്യൻ വനിതയെ വിവാഹം കഴിച്ചതോടെയാകാം ഇന്ത്യയിലെ ബൈഡൻ വേരുകൾക്ക് തുടക്കമായത് -ബൈഡൻ പറഞ്ഞു.