വാഷിങ്ടൺ: യു.എസ്. നേരിടുന്ന നയതന്ത്ര, പ്രതിരോധ വെല്ലുവിളികളെക്കുറിച്ച് നിയുക്ത യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ, നിയുക്ത വൈസ് പ്രസിഡന്റ് കമലാ ഹാരിസ് എന്നിവരുമായി ദേശീയ സുരക്ഷാവിദഗ്‌ധർ ചർച്ചനടത്തി. അധികാരക്കൈമാറ്റത്തിന് മുൻകൈയെടുക്കേണ്ട സർക്കാർ ഏജൻസിയായ ജനറൽ സർവീസ് അഡ്മി‌നിസ്ട്രേഷൻ മേധാവിയും ട്രംപ് അനുകൂലിയുമായ എമിലി ഡബ്ല്യു. മുർഫി ഇതുവരെയും അതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാതിരിക്കേയാണ് ചർച്ച.

നടപടികൾ ആരംഭിക്കാത്തതിനാൽ ട്രംപിൽനിന്നു ബൈഡനിലേക്കു മാറ്റേണ്ട പ്രതിദിന രഹസ്യാന്വേഷണവിവരണം ഉൾപ്പെടെയുള്ളവ തടസ്സപ്പെട്ടിരുന്നു. കഴിഞ്ഞദിവസം മുതൽ അത് ലഭിച്ചുതുടങ്ങിയിട്ടുണ്ട്.

റിട്ട. ജനറൽ ലോയിഡ് ഓസ്റ്റിൻ, ടോണി ബ്ലിങ്കൻ, ഡേവിഡ് കോഹൻ ഉൾപ്പെെട 13 പേരാണ് സംഘത്തിലുണ്ടായിരുന്നത്. മൂല്യങ്ങളും ആവശ്യങ്ങളും പ്രതിഫലിപ്പിക്കുന്ന ശക്തമായ വിദേശനയം തങ്ങൾക്കുണ്ടെന്നും ജനാധിപത്യത്തെ പുനരുജ്ജീവിപ്പിക്കേണ്ടത് ആവശ്യമാണെന്നും ബൈഡൻ ചർച്ചയിൽ വ്യക്തമാക്കി. അമേരിക്കൻ ജനതയെ രക്ഷിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾക്ക് സമയം ചെലവഴിച്ചതിന് ഉദ്യോഗസ്ഥർക്ക് നന്ദിയുണ്ടെന്നും മതിയായ വിവരങ്ങൾ തനിക്ക് ലഭിക്കുന്നില്ലെന്നും ബൈഡൻ കൂട്ടിച്ചേർത്തു.

അധികാരക്കൈമാറ്റം കൃത്യസമയത്ത് -റിപ്പബ്ലിക്കൻ പാർട്ടിനേതാവ്

വാഷിങ്ടൺ: ഡൊണാൾഡ് ട്രംപിൽനിന്നു ജോ ബൈഡനിലേക്കുള്ള അധികാരക്കൈമാറ്റം കൃത്യസമയത്തുണ്ടാകുമെന്ന് മുതിർന്ന റിപ്പബ്ലിക്കൻ പാർട്ടിനേതാവും സെനറ്ററുമായ മിച്ച് മക്‌കോണൽ. സുഗമമായ അധികാരക്കൈമാറ്റമുണ്ടാകും. ജനുവരി 20-നുതന്നെ അടുത്ത സർക്കാർ സത്യപ്രതിജ്ഞചെയ്ത് അധികാരമേൽക്കും -സെനറ്റിലെ ഭൂരിപക്ഷനേതാവ് കൂടിയായ മിച്ച് പറഞ്ഞു.

പ്രസിഡന്റ് തിരഞ്ഞെടുപ്പ് എന്നും ഈ പ്രക്രിയയിലൂടെയാണ് കടന്നുപോയിട്ടുള്ളതെന്നും തെളിവുകൾ ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിൽ കോടതികൾ തർക്കത്തിൽ തീരുമാനമെടുക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച സെനറ്റിൽ നടന്ന ചടങ്ങിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ ചില അംഗങ്ങൾ ബൈഡനെ അഭിനന്ദിച്ചതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.

Content Highlights: Joe Biden and Kamala Harris receive briefing from national security experts