കാബൂൾ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ‘രക്ഷകൻ’ അമാൻ ഖലീലി ഒടുവിൽ അഫ്ഗാനിസ്താനിൽനിന്ന് രക്ഷപ്പെട്ടു. അഫ്ഗാനിൽ അമേരിക്കൻസേനയുടെ പരിഭാഷകനായിരുന്ന ഖലീലിയും കുടുംബവും, താലിബാൻ ഭരണംപിടിച്ചതോടെ ഭീഷണിയിലായിരുന്നു. 2008-ൽ യു.എസ്. സെനറ്ററായിരിക്കെ അഫ്ഗാൻ സന്ദർശിച്ച ബൈഡന്റെ ഹെലികോപ്റ്റർ ഹിമപാതത്തിൽ കുടുങ്ങിയപ്പോഴാണ് ഖലീലിയടക്കമുള്ളവർ രക്ഷാദൗത്യത്തിനെത്തിയത്. സെനറ്റർമാരായിരുന്ന ജോൺ കെറിയും ചക് ഹേഗലും അന്ന് ബൈഡനൊപ്പമുണ്ടായിരുന്നു.

തന്നെ രക്ഷപ്പെടുത്തണമെന്ന് അടുത്തിടെ ഖലീലി ബൈഡനോട് അഭ്യർഥിച്ചിരുന്നു. താലിബാനിൽനിന്ന്‌ ഒളിച്ചാണ് താനും ഭാര്യയും നാലുമക്കളും കഴിയുന്നതെന്നും രാജ്യം വിടാൻ എങ്ങനെയെങ്കിലും സഹായിക്കണമെന്നുമായിരുന്നു ആവശ്യം. പാക് അതിർത്തിവഴി ഖലീലി സുരക്ഷിതമായി രാജ്യംവിട്ടെന്ന് യു.എസ്. വിദേശകാര്യവകുപ്പ് പ്രതിനിധി അറിയിച്ചു. ഹ്യൂമൻസ് ഫസ്റ്റ് കോയ്‌ലിഷൻ എന്ന സംഘടനയാണ് ഖലീലിയടക്കം 200-ഓളം അഫ്ഗാനികളെ പാകിസ്താനിലെത്തിച്ചത്. യു.എസ്., പാക് സർക്കാരുകൾക്ക് സംഘടന നന്ദിയറിയിച്ചു.

പ്രത്യേക കുടിയേറ്റവിസനേടി യു.എസിലേക്ക്‌ കടക്കാനായിരുന്നു ഖലീൽ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, അദ്ദേഹത്തിനിത്‌ ലഭിച്ചോയെന്നുവ്യക്തമല്ല.