സിഡ്നി: ജറുസലേം വിഷയത്തിൽ യു.എസിനുപിന്നാലെ ഇസ്രയേൽ അനുകൂല നിലപാടിനൊരുങ്ങി ഓസ്ട്രേലിയ. ജറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിക്കുന്ന കാര്യം പരിഗണിച്ചുവരികയാണെന്ന് ഓസ്‍ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ചൊവ്വാഴ്ച പറഞ്ഞു. സിഡ്നിയിൽനടന്ന പത്രസമ്മേളനത്തിലാണ് മോറിസൺ ഇക്കാര്യം വ്യക്തമാക്കിയത്. ജറുസലേമിനെ ഇസ്രയേൽതലസ്ഥാനമായി അംഗീകരിക്കണമെന്ന നിർദേശത്തോട് തുറന്ന സമീപനമാണ് ഓസ്ട്രേലിയയ്ക്കുള്ളതെന്നും ഇസ്രയേലിലെ തങ്ങളുടെ നയതന്ത്രകാര്യാലയം ടെൽ അവീവിൽനിന്ന് ജറുസലേമിലേക്ക് മാറ്റുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രിസഭയിലും മറ്റുസഖ്യകക്ഷികളോടും ചർച്ചചെയ്ത് ഇക്കാര്യം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. 70 വർഷങ്ങളായി ഓസ്ട്രേലിയ പിന്തുടരുന്ന വിദേശനയത്തെ അവഗണിക്കുന്നതാണ് ഓസ്ട്രേലിയയുടെ നീക്കം.

ഇസ്രയേൽ-പലസ്തീൻ പ്രശ്നത്തിന്റെ കേന്ദ്രബിന്ദുവാണ് ജറുസലേമിനുമേലുള്ള അവകാശത്തർക്കം. ഇത് ദ്വിരാഷ്ട്ര സമാധാന ചർച്ചയിലൂടെ പരിഹരിക്കണമെന്നാണ് തീരുമാനമെടുത്തിട്ടുള്ളത്. എന്നാൽ, ഈ ചർച്ചകൾ നല്ലരീതിയിൽ പുരോഗമിക്കുന്നില്ലെന്ന കാര്യം തുറന്നുപറയുകയാണ്. അതുകൊണ്ടുതന്നെ അതേകാര്യം വീണ്ടും ചെയ്തുകൊണ്ട് വ്യത്യസ്തമായ ഫലം കാത്തിരിക്കുന്നതിൽ അർഥമില്ല. ഈസാഹചര്യത്തിൽ ജറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിക്കുകയെന്ന തീരുമാനം വിവേകപൂർവവും പ്രാവർത്തികവുമാണ് -മോറിസൺ പറഞ്ഞു.

ജറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിക്കാൻ ഓസ്ട്രേലിയ തയ്യാറായ വിവരം ഇസ്രയേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവും സ്ഥിരീകരിച്ചു.

എന്നാൽ, ഓസ്ട്രേലിയയുടെ നീക്കത്തിൽ അന്താരാഷ്ട്രതലത്തിൽ എതിർപ്പുയർന്നു. ഓസ്ട്രേലിയയുടെ അന്താരാഷ്ട്ര നിലനിൽപ്പിനെ ബാധിക്കുന്ന തീരുമാനമാണിതെന്ന് പലസ്തീൻ പ്രതികരിച്ചു. അറബ്‌ രാജ്യങ്ങളും മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളുമുൾപ്പെടെയുള്ള മറ്റ് ലോകരാഷ്ട്രങ്ങളുമായുള്ള അവരുടെ വാണിജ്യബന്ധത്തെ അപകടത്തിലാക്കുന്നതാണ് ഓസ്ട്രേലിയയുടെ നിലപാട് -പലസ്തീൻ വിദേശകാര്യമന്ത്രി റിയാദ് അൽ മാലിക്കി പറഞ്ഞു. ഓസ്ട്രേലിയയുമായുള്ള ഉഭയകക്ഷിബന്ധം റദ്ദാക്കുമെന്ന് ഇൻഡൊനീഷ്യയും ഭീഷണിമുഴക്കി.

2017 ഡിസംബറിലാണ് ജറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിക്കുന്നുവെന്ന യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അപ്രതീക്ഷിതപ്രഖ്യാപനം വന്നത്. അതിനുപിന്നാലെ ടെൽഅവീവിൽനിന്ന് തങ്ങളുടെ നയതന്ത്രകാര്യാലയവും യു.എസ്. ജറുസലേമിലേക്ക് മാറ്റി. യു.എസിനുപിന്നാലെ ഗ്വാട്ടിമാലയും പാരഗ്വായും നയതന്ത്രകാര്യാലയങ്ങൾ ജറുസലേമിലേക്ക് മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പാരഗ്വായ് പിന്നീട് നിലപാട് മാറ്റി.