ജറുസലേം: ഇസ്രയേലിലെ യു.എസ്. നയതന്ത്ര കാര്യാലയം തിങ്കളാഴ്ച ജറുസലേമില്‍ പ്രവര്‍ത്തനം തുടങ്ങും. ഇസ്രയേല്‍ രൂപവത്കരണത്തിന്റെ 70-ാം വാര്‍ഷികദിനമാണ് തിങ്കളാഴ്ച.

പതിറ്റാണ്ടുകളായി തുടരുന്ന വിദേശനയത്തില്‍ മാറ്റംവരുത്തിക്കൊണ്ട് ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ഡിസംബറില്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടൊപ്പം, ടെല്‍ അവീവിലെ നയതന്ത്രകാര്യാലയ ആസ്ഥാനം ജറുസലേമിലേക്ക് മാറ്റുമെന്നും ട്രംപ് പറഞ്ഞു. തര്‍ക്കഭൂമിയായ ജറുസലേമില്‍ മറ്റൊരു രാജ്യത്തിന്റെയും നയതന്ത്രകാര്യാലയം പ്രവര്‍ത്തിക്കുന്നില്ല.

തെക്കന്‍ ജറുസലേമിലെ അര്‍നോനയില്‍ പ്രവര്‍ത്തിക്കുന്ന യു.എസ്. കോണ്‍സുലേറ്റിലേക്കാണ് താത്കാലികമായി എംബസി മാറ്റുന്നത്. നാലുലക്ഷം ഡോളര്‍ ചെലവിട്ട് കെട്ടിടം നവീകരിച്ചിട്ടുണ്ട്. 2019-ഓടെ പുതിയ എംബസികെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോണ്‍സുലേറ്റിലെ വിസ അനുവദിക്കല്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇവിടെത്തന്നെ നടക്കും. ഇസ്രയേലിലെ എണ്ണൂറ്റിയന്‍പതോളംവരുന്ന യു.എസ്. നയതന്ത്ര ഉദ്യോഗസ്ഥരില്‍ ഭൂരിപക്ഷവും നിലവില്‍ ടെല്‍അവീവില്‍ തുടരും. യു.എസ്. അംബാസഡര്‍ ഡേവിഡ് ഫ്രീഡ്മാന്റെ നേതൃത്വത്തിലുള്ള ചെറുസംഘമാണ് ജറുസലേമിലേക്ക് മാറുക.

തിങ്കളാഴ്ച നടക്കുന്ന ഉദ്ഘാടനപരിപാടിയില്‍ പ്രസിഡന്റ് ട്രംപ് പങ്കെടുക്കില്ല. യു.എസ്. വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറി ജോണ്‍ സള്ളിവന്റെ നേതൃത്വത്തില്‍ യു.എസ്. കോണ്‍ഗ്രസ് അംഗങ്ങളുള്‍പ്പെടെ എണ്ണൂറോളംപേര്‍ പങ്കെടുക്കും. ട്രംപിന്റെ മകളും ഉപദേശകയുമായ ഇവാന്‍ക ട്രംപ്, ഭര്‍ത്താവ് ജാരദ് കുഷ്‌നര്‍, ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മുചിന്‍, പശ്ചിമേഷ്യയിലെ യു.എസ്. സമാധാനപ്രതിനിധി ജാസന്‍ ഗ്രീന്‍ബ്ലാറ്റ് എന്നിവര്‍ ചടങ്ങിനെത്തും.

ഇറാന്‍ ആണവക്കരാറില്‍നിന്ന് പിന്മാറിയതിനുപിന്നാലെയാണ് പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ കൂടുതല്‍ കലുഷമാക്കുന്ന നീക്കവുമായി യു.എസ്. മുന്നോട്ടുപോകുന്നത്. ലോകരാഷ്ട്രങ്ങളുടെയും പലസ്തീന്റെയും എതിര്‍പ്പും പ്രതിഷേധവും അവഗണിച്ചാണ് ട്രംപ് ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ചത്.