ജറുസലേം: ആഫ്രിക്കന്‍ കുടിയേറ്റക്കാരെ തിരിച്ചയയ്ക്കാനുള്ള പദ്ധതി ഉപേക്ഷിക്കുന്നതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വിഷയത്തില്‍ ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥി ഏജന്‍സിയുമായി ധാരണയിലെത്തിയതിനെത്തുടര്‍ന്നാണിത്.

കരാര്‍ പ്രകാരം 16,250 അഭയാര്‍ഥികളെ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് തിരിച്ചയയ്ക്കില്ല. പകരം ഇറ്റലി, കാനഡ, ജര്‍മനി എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ അവര്‍ക്ക് പുനരധിവാസ സൗകര്യമൊരുക്കും. പുതിയ പദ്ധതി അഞ്ചുവര്‍ഷത്തിനുള്ളില്‍ നടപ്പാക്കും.

ഞായറാഴ്ച ആരംഭിക്കാനിരുന്ന തിരിച്ചയയ്ക്കല്‍ പദ്ധതി ഇസ്രയേല്‍ സുപ്രീംകോടതി തടഞ്ഞിരുന്നു. യുഗാണ്‍ഡ, റുവാണ്‍ഡ എന്നിവിടങ്ങളിലേക്കാണ് ഇവരെ തിരിച്ചയയ്ക്കാനിരുന്നത്. നഷ്ടപരിഹാരവും വിമാന ടിക്കറ്റും നല്‍കുമെന്നും അഭയാര്‍ഥികള്‍ നാടുവിട്ടുപോകണമെന്നും അല്ലാത്തപക്ഷം ബലപ്രയോഗത്തിലൂടെ പുറത്താക്കുമെന്നുമുള്ള ജനുവരിയിലെ ഉത്തരവ് വിവാദമായിരുന്നു. കരാറിനെക്കുറിച്ച് കാനഡയും ഇറ്റലിയും ജര്‍മനിയും പ്രതികരിച്ചിട്ടില്ല.