റിയാദ്: ജറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിക്കാനുള്ള അമേരിക്കന്‍ തീരുമാനത്തിനെതിരേ പശ്ചിമേഷ്യയില്‍ പ്രതിഷേധം ശക്തമാകുന്നു. അമേരിക്കന്‍ നടപടി അംഗീകരിക്കാനാവില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കി. ജോര്‍ദാനിലെ അബ്ദുല്ല രാജാവും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും റിയാദില്‍ കൂടിക്കാഴ്ച നടത്തി. ഇസ്രയേല്‍ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിക്കാനാവില്ലെന്ന് ഇരു ഭരണാധികാരികളും വ്യക്തമാക്കി.

അമേരിക്കന്‍ തീരുമാനം പശ്ചിമേഷ്യയില്‍ ദൂരവ്യാപകമായ ഫലങ്ങള്‍ സൃഷ്ടിക്കും. പലസ്തീന്‍-ഇസ്രയേല്‍ സംഘര്‍ഷം കൂടുതല്‍ സങ്കീര്‍ണമാകും. ഇതിനുപുറമെ മേഖലയിലെ സ്ഥിരതയ്ക്കും സുരക്ഷിതത്വത്തിനും ഭംഗം നേരിടും- ഇരു നേതാക്കളും ചൂണ്ടിക്കാട്ടി.

അമേരിക്കയുടെ പ്രഖ്യാപനം കുറ്റകൃത്യമാണെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു. അതുകൊണ്ടുതന്നെ പശ്ചിമേഷ്യന്‍ സമാധാന ചര്‍ച്ചകളില്‍ വാഷിങ്ടണിന് സ്ഥാനമില്ല. ജറുസലേം പലസ്തീന്റെ തലസ്ഥാനമാണ് എന്ന കാര്യത്തില്‍ സംശയമില്ല. ട്രംപിന്റെ തീരുമാനം ഗൗരവമുള്ള കുറ്റകൃത്യവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് മഹ്മൂദ് അബ്ബാസ് കുറ്റപ്പെടുത്തി.

മുസ്ലിം ജനസമൂഹത്തിന്റെ വികാരം ഉള്‍ക്കൊള്ളണമെന്നും അമേരിക്കന്‍ എംബസി ജറുസലേമിലേക്ക് മാറ്റുന്നതിന് മുമ്പ് സ്ഥിരമായ സമാധാനം നിലനിര്‍ത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും സല്‍മാന്‍ രാജാവ് അമേരിക്കന്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. യു.എ.ഇ.യും അമേരിക്കന്‍ നിലപാട് അംഗീകരിക്കില്ലെന്ന് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.