ജറുസലേം: ജറുസലേമിലെ പഴയനഗരത്തില്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്‌ക്കെത്തിയ അമ്പതില്‍ താഴെ പ്രായമുള്ള മുസ്ലിം പുരുഷന്‍മാരെ ഇസ്രയേലി പോലീസ് തടഞ്ഞു.
 
ജൂതര്‍ ടെമ്പിള്‍ മൗണ്ടെന്നും മുസ്ലിങ്ങള്‍ ഹറം അല്‍ ഷരീഫ് എന്നും വിളിക്കുന്ന ആരാധനാകേന്ദ്രത്തിന്റെ കവാടങ്ങളില്‍ പുതിയ സുരക്ഷാനടപടി ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധം നിലനില്‍ക്കെയാണ് ഈ നടപടി. ഇതേത്തുടര്‍ന്ന് ആരാധനയ്‌ക്കെത്തിയവരും പോലീസും തമ്മില്‍ ഏറ്റുമുട്ടി.

അല്‍ അഖ്‌സ പള്ളിയും ഡോം ഓഫ് ദ റോക്കും സ്ഥിതിചെയ്യുന്നിടമാണ് ടെമ്പിള്‍ മൗണ്ട്. ജൂലായ് 14-ന് അല്‍ അഖ്‌സ പള്ളിക്കടുത്ത് രണ്ട് ഇസ്രയേലി പോലീസുകാര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് സുരക്ഷ കര്‍ക്കശമാക്കിയത്.
 
ആരാധനയ്‌ക്കെത്തുന്നവരെ പരിശോധിക്കുന്നതിനായി ഇവിടെ മെറ്റല്‍ ഡിറ്റക്ടറുകള്‍ സ്ഥാപിച്ചു. ഇവ നീക്കം ചെയ്യേണ്ടെന്ന് ഇസ്രയേലി മന്ത്രിമാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ആരാധനയ്‌ക്കെത്തിയവരെ തടഞ്ഞത്.

പഴയ നഗരത്തിലേക്കും ടെമ്പിള്‍ മൗണ്ടിലേക്കും കടക്കാന്‍ 50 വയസ്സില്‍ താഴെയുള്ള പുരുഷന്മാരെ അനുവദിക്കില്ലെന്നും ഏതുപ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്നും പോലീസിന്റെ പ്രസ്താവന പറയുന്നു. മെറ്റല്‍ ഡിറ്റക്ടര്‍ മാറ്റുംവരെ ഇവിടേക്ക് ആരാധനയ്ക്കുപോകരുതെന്ന് പലസ്തീനിലെ രാഷ്ട്രീയ-മത നേതാക്കന്മാര്‍ വിശ്വാസികളോട് നിര്‍ദേശിച്ചു.

പലസ്തീന്‍കാര്‍ ഇവിടേക്ക് കടക്കുന്ന ഡമാസ്‌കസ് കവാടത്തിന് ചുറ്റുമുള്ള കടകളും തെരുവുകളും അടച്ചിട്ടു. മറ്റൊരു കവാടത്തിലൂടെ പ്രവേശിക്കാന്‍ ജാഥയായി എത്തിയവരെ പോലീസ് തടഞ്ഞു. അമ്പതിനു മുകളില്‍ പ്രായമുള്ളവരെയേ കടത്തൂ എന്നും അറിയിച്ചു. ഇതേത്തുടര്‍ന്ന് 'അള്ളാഹു അക്ബര്‍' വിളികളോട് ജനം പ്രതിഷേധിച്ചു.

മെറ്റല്‍ ഡിറ്റക്ടര്‍ നീക്കംചെയ്യണമെന്ന് തുര്‍ക്കി പ്രസിഡന്റ് രജപ് തയ്യിപ് ഉര്‍ദുഗാന്‍ ഇസ്രയേലി പ്രസിഡന്റ് റൂവല്‍ റിവ്‌ലിനോട് ആവശ്യപ്പെട്ടു.

ജറുസലേമിലെ പഴയനഗരത്തിന്റെ കൈവശാവകാശി ജോര്‍ദാനാണ്. ജൂതര്‍ക്ക് ഇവിടെ ആരാധന വിലക്കിയിട്ടുണ്ട്. ഇവിടെ മെറ്റല്‍ ഡിക്ടറ്റര്‍ സ്ഥാപിച്ചത് ജനത്തിന്റെ സുരക്ഷയ്ക്കുവേണ്ടിയാണെന്നും സമാധാനം തകര്‍ക്കാനല്ലെന്നും ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അവകാശപ്പെട്ടു. ഇസ്രയേല്‍-പലസ്തീന്‍ ഭിന്നതയുടെ കേന്ദ്രബിന്ദുവാണ് ടെമ്പിള്‍ മൗണ്ട്.