ജറുസലേം: പലസ്തീനെ ലക്ഷ്യമിട്ട് ഇസ്രയേലിന്റെ ടാങ്ക്, വ്യോമ ആക്രമണങ്ങള്‍. പലസ്തീനിലെ ഗാസയില്‍നിന്ന് ഇസ്രയേലിനുനേരേ റോക്കറ്റാക്രമണമുണ്ടായിരുന്നു. ഇതിന് തിരിച്ചടിയായാണ് ഇസ്രയേല്‍ നടപടി.

തുറസ്സായ സ്ഥലത്താണ് പലസ്തീന്‍ തൊടുത്ത റോക്കറ്റ് പതിച്ചതെന്നും ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും ഇസ്രയേല്‍ സൈന്യം പറഞ്ഞു.

തെക്കന്‍ ഗാസയിലെ ഹമാസ് പരിശീലനകേന്ദ്രത്തെ ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്. ഗാസയുടെ വടക്കന്‍ അതിര്‍ത്തിയിലെ ബെയ്ത് ലാഹിയയിലുള്ള ഹമാസ് നിരീക്ഷണത്താവളത്തിനുനേരേയാണ് ടാങ്ക് ആക്രമണമുണ്ടായതെന്ന് പലസ്തീന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവിടെയും ആര്‍ക്കും പരിക്കില്ല.

കഴിഞ്ഞമാസം ഹമാസ് കേന്ദ്രങ്ങള്‍ക്കുനേരേ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് പലസ്തീന്‍കാര്‍ക്ക് പരിക്കേറ്റിരുന്നു.