സാൻഫ്രാൻസിസ്‍കോ/കയ്റോ: ആമസോൺ ഉടമയും ലോകത്തെ അതിസമ്പന്നരിലൊരാളുമായ ജെഫ് ബെസോസിന്റെ ഫോൺ സൗദി ചോർത്തിയതായി റിപ്പോർട്ട്. 2018-ൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻറെ സ്വകാര്യനമ്പറിൽനിന്നുള്ള വാട്സാപ്പ് സന്ദേശം സ്വീകരിച്ച ശേഷമാണ് ബെസോസിന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടതെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ബ്രിട്ടീഷ് മാധ്യമമായ ദി ഗാർഡിയൻ റിപ്പോർട്ടു ചെയ്തു. മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ബെസോസിനയച്ച വീഡിയോ സന്ദേശത്തിൽ ഫോൺ ഹാക്ക് ചെയ്യുന്നതിനുള്ള ഫയൽ അടങ്ങിയിട്ടുണ്ടെന്ന് ഡിജിറ്റൽ ഫൊറൻസിക് പരിശോധനയിൽ വ്യക്തമായതായും ഗാർഡിയൻ റിപ്പോർട്ടിൽ പറയുന്നു.

സംഭവത്തിൽ യു.എസും സൗദി അറേബ്യയും അന്വേഷണം നടത്തണമെന്ന് ആരോപണം അന്വേഷിച്ച ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ഉദ്യോഗസ്ഥരായ ഡേവിഡ് കായെയും ആഗ്നസ് കല്ലമാർഡും പ്രസ്താവനയിറക്കി. ഹാക്കിങ്ങിൽ സൗദിക്ക് പങ്കുണ്ടെന്നതിന് ആവശ്യമായ തെളിവുണ്ടെന്ന് യു.എൻ. അന്വേഷണത്തിൽ വ്യക്തമായതായി പേരുവെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്തു.

2018 മേയ് ഒന്നിനാണ് സൽമാൻ രാജകുമാരൻ ബെസോസിന് സന്ദേശമയച്ചത്. സന്ദേശം സ്വീകരിച്ചതിനുപിന്നാലെ മണിക്കൂറുകൾക്കുള്ളിൽ ബെസോസിന്റെ ഫോണിലെ വിവരങ്ങൾ ചോർത്തപ്പെട്ടു. സൽമാൻ രാജകുമാരനും ബെസോസും അന്ന് സൗഹൃദത്തിലായിരുന്നു. എന്നാൽ, ബെസോസിന്റെ ഉടമസ്ഥതയിലുള്ള വാഷിങ്ടൺ പോസ്റ്റ് കോളമിസ്റ്റും സൗദി ഭരണകൂടത്തിന്റെ കടുത്തവിമർശകനുമായിരുന്ന ജമാൽ ഖഷോഗിയുടെ വധവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ പിന്നീട് അസ്വാരസ്യങ്ങളുണ്ടായി. ഖഷോഗിയുടെ വധവുമായി ബന്ധപ്പെട്ട് വാഷിങ്ടൺ പോസ്റ്റ് നിഷ്‍പക്ഷമായ വാർത്തകൾ നൽകിയതിൽ സൗദിക്ക്‌ അസന്തുഷ്ടിയുണ്ടെന്ന് ബ്ലോഗ് പോസ്റ്റിൽ ബെസോസ് വ്യക്തമാക്കിയിരുന്നു.

അതേസമയം ഫോൺചോർത്തൽ ആരോപണങ്ങൾ അസംബന്ധമാണെന്ന് യു.എസിലെ സൗദി എംബസി പറഞ്ഞു. സൗദി ഭരണകൂടം ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

Content Highlights: Jeff Bezos Saudi Arabia