ന്യൂയോർക്ക്: ബഹിരാകാശത്തിന്റെ ‘ശരിയായ അതിർത്തി’ കടക്കുന്ന ആദ്യ ശതകോടീശ്വരനെന്ന പേരുസമ്പാദിച്ച് ജെഫ് ബെസോസ് തന്റെ ബഹിരാകാശയാത്ര പൂർത്തിയാക്കി മടങ്ങിയെത്തി. ഭൂമിയിൽനിന്ന് 100 കിലോമീറ്റർ അകലെയുള്ള കാർമൻ രേഖയാണ് ബെസോസും സംഘവും താണ്ടിയത്. ഈ രേഖയാണ് ബഹിരാകാശത്തിന്റെ യഥാർഥ അതിർത്തിയായി ശാസ്ത്രജ്ഞർ പരിഗണിക്കുന്നത്. ബഹിരാകാശംതൊട്ട ആദ്യ ശതകോടീശ്വരനെന്ന പേര് ജൂലായ് 11-ന് റിച്ചഡ് ബ്രാൻസൻ സ്വന്തമാക്കിയെങ്കിലും 89 കിലോമീറ്റർ മാത്രമാണ് അദ്ദേഹം താണ്ടിയത്. 80 കിലോമീറ്റർ ഉയരത്തിലുള്ള ആംസ്ട്രോങ് ലൈൻ കടന്നുള്ള യാത്രകൾ ‘നാസ’ മാത്രമാണ് ബഹിരാകാശയാത്രയായി കണക്കാക്കുന്നത്.

space

* വാഹനം -ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേഡ് റോക്കറ്റ് വിമാനം (മനുഷ്യനെയും വഹിച്ചുള്ള ആദ്യ ദൗത്യം)

* ഒപ്പംപോയവർ -സഹോദരൻ മാർക്ക് ബെസോസ്, വാലി ഫങ് എന്ന 82-കാരി, ഒലിവർ ഡെയ്‌മെൻ എന്ന 18-കാരൻ വിദ്യാർഥി

* യാത്ര പുറപ്പെട്ടത് -ടെക്സസിലെ വാൻ ഹോണിലെ സ്വകാര്യ വിക്ഷേപണത്തറയിൽനിന്ന്

* സമയം -വൈകീട്ട് 6.42

* രണ്ടുമിനിറ്റിനുശേഷം പേടകം റോക്കറ്റിൽനിന്ന് വേർപെട്ടു

* കാർമൻ രേഖയ്ക്കു ഉയരത്തിൽ 106 കിലോമീറ്റർ താണ്ടി

* നാലുമിനിറ്റുനേരം ഭാരമില്ലായ്മ ആസ്വദിച്ചു

* 11 മിനിറ്റിനുശേഷം തിരിച്ച് ഭൂമിയിൽ

* തിരിച്ചിറക്കം പടിഞ്ഞാറൻ ടെക്സസിലെ മരുഭൂമിയിൽ

ബഹിരാകാശത്ത് ഇന്നേവരെ പറന്ന പേടകങ്ങളിൽ ഏറ്റവും വിശാലമായ ജനാലയായിരുന്നു ന്യൂ ഷെപ്പേഡിന്റേത്. അങ്ങനെ നോക്കുമ്പോൾ മുമ്പു പോയവരെക്കാൾ ഭൂമിയെയും ബഹിരാകാശത്തെയും കൂടുതൽ വിശാലമായി കണ്ടാസ്വദിച്ചാണ് ലോകത്തെ ഏറ്റവും സമ്പന്നനായ ജെഫ് ബെസോസും സംഘവും മടങ്ങിയത്.

ബഹിരാകാശം കണ്ട ശതകോടീശ്വരന്മാരുടെ എണ്ണം ഇതോടെ രണ്ടായി. ബെസോസിന്റെ സ്വന്തം ബഹിരാകാശക്കമ്പനിയായ ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേഡ് റോക്കറ്റ് വിമാനത്തിന്റെ മനുഷ്യനെയും വഹിച്ചുകൊണ്ടുള്ള ആദ്യ ദൗത്യമായിരുന്നു ചൊവ്വാഴ്ചത്തേത്.

space

ബഹിരാകാശത്തെത്തിയശേഷം സീറ്റിൽനിന്ന് ബെൽറ്റഴിച്ച് നാലുമിനിറ്റോളം അവർ വാഹനത്തിനുള്ളിലൂടെ ഒഴുകിനടന്നു. ബഹിരാകാശത്തിന്റെ ശൂന്യത ആസ്വദിച്ചു. 100 കിലോമീറ്റർ ഉയരത്തിലുള്ള കാർമൻ രേഖ കടന്നപ്പോൾ അത്യാഹ്ലാദത്തോടെ അവർ ശബ്ദമുണ്ടാക്കി. മൊത്തം 11 മിനിറ്റുകൊണ്ട് യാത്രയവസാനിപ്പിച്ച് മരുഭൂമിയിൽ പേടകം സോഫ്റ്റ് ലാൻഡ് ചെയ്തു.

‘ഞാൻ അവിശ്വസനീയമാംവിധം നന്നായിരിക്കുന്നു’ എന്നാണ് തിരിച്ച് ഭൂമിയിലെത്തിയശേഷം ബെസോസ് പ്രതികരിച്ചത്. ബഹിരാകാശസഞ്ചാരിയെന്ന് അദ്ദേഹം സ്വയം വിശേഷിപ്പിക്കുകയും ചെയ്തു. ബ്ലൂ ഒറിജിൻ അടക്കമുള്ള ദൗത്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി അടുത്തിടെ ബെസോസ് ആമസോൺ സി.ഇ.ഒ. സ്ഥാനം ഒഴിഞ്ഞിരുന്നു. ന്യൂയോർക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന റോബിൻ ഹുഡ് എന്ന കാരുണ്യസംഘടനയുടെ സീനിയർ വൈസ് പ്രസിഡന്റാണ് സഹോദരൻ മാർക്ക് (53).

ലക്ഷ്യം ബഹിരാകാശ ടൂറിസം

ബഹിരാകാശരംഗത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള വിനോദസഞ്ചാരം ലക്ഷ്യമിട്ട് 2000-ത്തിലാണ് ബെസോസി ബ്ലൂ ഒറിജിൻ സ്ഥാപിച്ചത്. പുനരുപയോഗിക്കാവും വിധമാണ് ന്യൂ ഷെപ്പേഡ് പേടകത്തിന്റെ രൂപകല്പന.

 

ഒലിവർ; അജ്ഞാതവിജയിക്ക് പകരക്കാരൻ

ബഹിരാകാശത്തെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞയാളാണ് സംഘത്തിലുണ്ടായിരുന്ന ഒലിവെർ ഡെയ്‌മെൻ (18). നെതർലൻഡ്സിലെ സ്വകാര്യസ്ഥാപനമായ സോമെർസെറ്റ് കാപിറ്റൽ പാർട്ണേഴ്സിന്റെ സ്ഥാപകൻ ജോയ്സ് ഡെയ്‌മെന്റെ മകനാണ് ഒലിവെർ. ബ്ലൂ ഒറിജിന്റെ രണ്ടാമത്തെ യാത്രയ്ക്കാണ് നേരത്തേ ഒലിവറിന് സീറ്റ് ലഭിച്ചത്. എന്നാൽ ആദ്യയാത്രയിലെ നാലാമത്തെ സീറ്റ് ലേലത്തിൽ പിടിച്ച അജ്ഞാതന്‌ യാത്രയ്ക്ക് അസൗകര്യമുണ്ടായിരുന്നതിനാൽ ഒലിവെറിന് നറുക്കുവീണു. 208 കോടി രൂപ മുടക്കി സീറ്റ് ലേലത്തിൽ പിടിച്ചയാൾ ആരാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

മെർക്കുറി 13-ലെ വാലി ഫങ്

space
ന്യൂഷെപ്പേര്‍ഡ്
പാരച്യൂട്ടില്‍ മരുഭൂമിയിലേക്ക് ഇറങ്ങുന്നു 

ബഹിരാകാശം കാണുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തിയാണ് വാലി ഫങ് (82). 1960-കളിൽ നാസ ബഹിരാകാശ ദൗത്യത്തിനായി സ്‌ക്രീനിങ് നടത്തി തിരഞ്ഞെടുത്ത മെർക്കുറി 13 എന്ന വനിതാ സംഘത്തിൽ ഒരാളായിരുന്നു വാലി. പക്ഷേ, അന്ന് ബഹിരാകാശത്തേക്കു പറക്കാനായില്ല. തങ്ങൾക്കും മുമ്പേ വാലിക്കു പറക്കാമായിരുന്നെന്നും മെർക്കുറി 13-ന്റെ കാലത്ത് മറ്റെല്ലാം പുരുഷന്മാരെക്കാളും യോഗ്യത അവർക്കുണ്ടായിരുന്നെന്ന് ഇപ്പോൾ പോലും തനിക്ക് പറയാനാവുമെന്നും ബെസോസ് പറഞ്ഞു.