ടോക്യോ: വർഷങ്ങൾനീണ്ട പ്രണയത്തിനൊടുവിൽ ജപ്പാൻ രാജകുമാരി മാകോയും കാമുകൻ കെയ് കൊമുറോയും വിവാഹിതരായി. പരമ്പരാഗത ആചാരങ്ങൾ ഒഴിവാക്കി ലളിതമായിട്ടായിരുന്നു വിവാഹം. ജപ്പാനിലെ ഇപ്പോഴത്തെ രാജാവ് അകിഷിനോയുടെ മകളും അകിഹിതോ ചക്രവർത്തിയുടെ പേരക്കുട്ടിയുമാണ് 29-കാരിയായ മാകോ.

വിവാഹത്തോടെ രാജകുമാരിപദവിയും അധികാരങ്ങളും മാകോയ്ക്ക് നഷ്ടമായി. രാജകുടുംബത്തിലെ പെൺകുട്ടികൾ സാധാരണക്കാരനെ വിവാഹം കഴിച്ചാൽ രാജകീയപദവികളും അധികാരങ്ങളും നഷ്ടമാകുമെന്നാണ് നിയമം. എന്നാൽ, കുടുംബത്തിലെ പുരുഷന്മാർക്ക് നിയമം ബാധകമല്ല. പ്രാദേശിക സമയം രാവിലെ പത്തുമണിയോടെ മാതാപിതാക്കളുടെ അനുവാദം തേടിയശേഷം ടോക്യോയിലെ വസതിയിൽനിന്നും വിവാഹം രജിസ്റ്റർ ചെയ്യുന്നതിനായി മാകോ പുറപ്പെടുകയായിരുന്നു.

പരമ്പരാഗത ആചാരങ്ങളും രാജകുടുംബത്തിന്റെ കോടിക്കണക്കിന് രൂപയുടെ സമ്മാനവും മാകോ നിരസിച്ചു. അഭിഭാഷകനാണ് കൊമുറോ. വിവാഹത്തിനുശേഷം യു.എസിലായിരിക്കും ഇരുവരും താമസിക്കുകയെന്നാണ് വിവരം. ടോക്യോയിലെ ഇന്റർനാഷണൽ ക്രിസ്റ്റിയൻ സർവകലാശാലയിൽ നിയമപഠനത്തിനിടെയാണ് ഇരുവരും കണ്ടുമുട്ടുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിന് വഴിമാറുകയായിരുന്നു. 2017-ലായിരുന്നു ഇവരുടെ വിവാഹനിശ്ചയം.

സാധാരണക്കാരനായ കൊമുറോയുമായുള്ള മാകോയുടെ പ്രണയം രാജകുടുംബത്തിൽ കടുത്ത എതിർപ്പുകളുണ്ടാക്കിയിരുന്നു. ഇരുവരുടെയും പ്രണയം ജപ്പാനിലും വിവാദങ്ങൾക്ക് കാരണമായിരുന്നു. ചൊവ്വാഴ്ച വിവാഹത്തിനെതിരേ രാജ്യത്ത് പ്രതിഷേധം സംഘടിപ്പിക്കപ്പെട്ടു. തന്റെ വിവാഹം കാരണം ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കിൽ ക്ഷമചോദിക്കുന്നതായി പത്രസമ്മേളനത്തിൽ മാകോ പറഞ്ഞു.