യുണൈറ്റഡ് നേഷൻസ്: ഭീകരതയെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്ന രാജ്യങ്ങൾ അത് അവർക്കുതന്നെയും ഭീഷണിയാണെന്ന് മനസ്സിലാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

‘പുരോഗതിയെ ഹനിക്കുന്ന ചിന്തയുയർത്തുന്ന അപകടവും തീവ്രവാദവും ലോകത്ത് കൂടിവരികയാണെ’ന്നും ഐക്യരാഷ്ട്ര പൊതുസഭയുടെ 76-ാം സമ്മേളനത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം ഓർമപ്പെടുത്തി. പാകിസ്താനെതിരായ പരോക്ഷ ആക്രമണമായിരുന്നു മോദിയുടെ വാക്കുകൾ. ചട്ടങ്ങളിൽ അധിഷ്ഠിതമായ ലോകക്രമം ശക്തിപ്പെടുത്തണമെങ്കിൽ അന്താരാഷ്ട്രസമൂഹം ഒറ്റക്കെട്ടായി ശബ്ദിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്തോ-പസഫിക് മേഖലയിൽ സമഗ്രാധിപത്യം സ്ഥാപിക്കാൻ ശ്രിക്കുന്ന ചൈനയെയാണ് ഇതിലൂടെ അദ്ദേഹം ഉന്നംവെച്ചത്.

“അഫ്ഗാനിസ്താന്റെ മണ്ണ് ഭീകരത പടർത്താനും ഭീകരപ്രവർത്തനത്തിനും ഉപയോഗിക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. അഫ്ഗാനിസ്താനിലെ ദുർബല സാഹചര്യം ഒരു രാജ്യവും പ്രയോജനപ്പെടുത്തുന്നില്ലെന്നും സ്വാർഥ താത്പര്യങ്ങൾക്ക് ഉപയോഗിക്കുന്നില്ലെന്നും ഉറപ്പുവരുത്തേണ്ടതും ആവശ്യമാണ്” -മോദി പറഞ്ഞു.

അഫ്ഗാനിസ്താനും ഇന്ത്യയും ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളും അമേരിക്കയും ഭീകരർക്ക് സുരക്ഷിത താവളമൊരുക്കുന്നതിൻറെ പേരിൽ പാകിസ്താനെ കുറ്റപ്പെടുത്താൻ തുടങ്ങിയിട്ട് കാലമേറെയായി. ഈ ആരോപണം പാകിസ്താൻ നിഷേധിക്കുകയാണ്.

സമുദ്രങ്ങൾക്കും പൊതുവായ പാരമ്പര്യമുണ്ടെന്ന് മോദി പറഞ്ഞു. “അന്താരാഷ്ട്ര വ്യാപാരത്തിന്റെ ജീവനാഡിയാണ് നമ്മുടെ സമുദ്രങ്ങൾ. വിപുലീകരണ മത്സരത്തിൽനിന്ന് അവയെ നാം സംരക്ഷിക്കണം. സമുദ്രങ്ങൾ വഴിയുള്ള വ്യാപാരം സ്വന്ത്രമായിത്തുടരണം. ചട്ടത്തിൽ അധിഷ്ഠിതമായ ലോകക്രമം ശക്തിപ്പെടുത്താൻ അന്താരാഷ്ട്ര സമൂഹം ഒരുമിച്ചു ശബ്ദമുയർത്തണം”-അദ്ദേഹം പറഞ്ഞു.