ജറുസലേം: ഇസ്രയേലിൽ നെതന്യാഹു യുഗത്തിന് അവസാനം കുറിച്ചുകൊണ്ട് സർക്കാർ രൂപവത്‌കരണത്തിലേക്ക് പ്രതിപക്ഷകക്ഷികൾ അടുക്കുന്നതായി റിപ്പോർട്ട്.

പ്രതിപക്ഷനേതാവായ യായിർ ലാപിഡ് സർക്കാർ രൂപവത്‌കരണത്തിന് തീവ്ര ദേശീയ നേതാവായ നഫ്താലി ബെന്നറ്റുമായി ധാരണയിലെത്തിയതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ അധികാരം നിലനിർത്താനുള്ള ശ്രമങ്ങൾ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തുടരുന്നതായാണ് സൂചന. നേരത്തേ നെതന്യാഹുവിന്റെ വാഗ്ദാനങ്ങൾ ബെനറ്റ് നിരസിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു.

സർക്കാർ രൂപവത്‌കരണത്തിന് ലാപിഡിന് ബുധനാഴ്ചവരെ സമയമുണ്ട്. ആദ്യ മൂന്നുവർഷം ലാപിഡും അവസാന രണ്ടുവർഷം ബെന്നറ്റും അധികാരം പങ്കുവെക്കുന്ന ധാരണയിലേക്കാണ് നിലവിൽ ചർച്ചകൾ പുരോഗമിക്കുന്നത്.

12 വർഷത്തോളമായി പ്രധാനമന്ത്രി സ്ഥാനത്ത് തുടരുന്ന നെതന്യാഹുവിന് സർക്കാർ രൂപവത്‌കരിക്കാനുള്ള ആദ്യ അവസരം ലഭിച്ചെങ്കിലും ഇതിനു സാധിച്ചില്ല. ഇതോടെയാണ് ലാപിഡിനെ ക്ഷണിച്ചത്.

ബുധനാഴ്ചയ്ക്കുള്ളിൽ ലാപിഡിനു സർക്കാർ രൂപവത്‌കരിക്കാൻ സാധിച്ചില്ലെങ്കിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തേണ്ടിവരും. രണ്ടു വർഷത്തിനുള്ളിൽ നാലു പാർലമെന്റ് തിരഞ്ഞെടുപ്പുകളാണ് ഇസ്രയേലിൽ നടന്നത്.

Content Highlights: Israel Nethanyahu