ജറുസലേം: കോവിഡിനെതിരേള്ള കുത്തിവെപ്പുപോരാട്ടത്തിൽ ഇസ്രയേൽ മുന്നിൽ. ഇതിനോടകം പത്തുലക്ഷം പേരാണ് ഇസ്രയേലിൽ കോവിഡ് വാക്സിൻ കുത്തിവെപ്പെടുത്തത്. 11.55 ആണ് രാജ്യത്തെ കുത്തിവെപ്പ് നിരക്കെന്ന് ഓക്സ്ഫഡ് സർവകലാശാലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ‘അവർ വേൾഡ് ഇൻ ഡേറ്റാ’ എന്ന വെബ്‌സൈറ്റ് വ്യക്തമാക്കി.

കുത്തിവെപ്പിന്റെ കാര്യത്തിൽ ബഹ്‌റൈനാണ് രണ്ടാംസ്ഥാനത്ത്. 3.49 ശതമാനമാണ് ഇവിടത്തെ കുത്തിവെപ്പ് നിരക്ക്. കുത്തിവെപ്പിന് തുടക്കം കുറിച്ച ബ്രിട്ടൻ മൂന്നാംസ്ഥാനത്താണ് (1.47 ശതമാനം). 2020 അവസാനിക്കുമ്പോൾ രണ്ട് കോടി കുത്തിവെപ്പുകൾ നടത്തുമെന്ന് അവകാശപ്പെട്ടിരുന്ന അമേരിക്കയിൽ ഡിസംബർ 30 വരെ നടന്നത് ആകെ 27.8 ലക്ഷം കുത്തിവെപ്പുകളാണ്.

ഫൈസർ ബയോൺടെക് വാക്സിൻ കുത്തിവെപ്പ് ഇസ്രയേലിൽ ആരംഭിക്കുന്നത് ഡിസംബർ 19-നാണ്. ദിവസം 1.5 ലക്ഷം പേർക്കാണ് വാക്സിൻ നൽകുന്നത്. 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ആരോഗ്യപ്രവർത്തകർക്കും രോഗസാധ്യതയുള്ള മറ്റ് വിഭാഗക്കാർക്കുമാണ് മുൻഗണന. ഫെബ്രുവരിയോടെ ഇസ്രയേലിനെ കോവിഡ് മുക്തമാക്കുമെന്നാണ് തിരഞ്ഞെടുപ്പ് നേരിടാനിരിക്കുന്ന പ്രധാനമന്ത്രി ബെഞ്ചമിൻ നെതിന്യാഹുവിന്റ വാഗ്ദാനം.

യു.കെയിൽ ആഴ്ചയിൽ 20 ലക്ഷം കുത്തിവെപ്പ് നടത്തുമെന്ന് ആസ്ട്രസെനക്ക

ലണ്ടൻ: ബ്രിട്ടനിൽ ആവശ്യത്തിന് വാക്‌സിൻ എത്തുനില്ലെന്ന സർക്കാർ ആരോപണം തള്ളി വാക്സിൻ കമ്പനികൾ. തങ്ങളുടെ ഭാഗത്തുനിന്ന് പിഴവുകൾ സംഭവിച്ചിട്ടില്ലെന്നും കമ്പനികൾ വ്യക്തമാക്കി. ബ്രിട്ടനിൽ ആഴ്ചയിൽ 20 ലക്ഷം കുത്തിവെപ്പുകൾ നടത്താനുള്ള മരുന്നുകൾ രണ്ടാഴ്ചക്കുള്ളിൽ ലഭ്യമാക്കുമെന്ന് മരുന്നുകമ്പനിയായ ആസ്ട്രസെനക്ക അറിയിച്ചു. അതേസമയം, തങ്ങൾ ഇതുവരെ ദശലക്ഷക്കണക്കിന് ഡോസ് മരുന്നാണ് ബ്രിട്ടനു നൽകിയതെന്ന് ഫൈസർ ബയോൺടെക് വ്യക്തമാക്കി. കുത്തിവെപ്പ് നിരക്ക് കുറയുന്നത് മരുന്ന് ലഭ്യമാകുന്നതിലുള്ള പാളിച്ചയാണെന്ന് മരുന്നുകമ്പനികളെ പരോക്ഷമായി കുറ്റപ്പെടുത്തിക്കൊണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അടുത്തിടെ അനുമതി ലഭിച്ച ഓക്‌സ്ഫഡ് വാക്‌സിൻ കുത്തിവെപ്പ് തിങ്കളാഴ്ച തുടങ്ങാനിരിക്കെയാണ് ജോൺസന്റെ പ്രതികരണം.