യുണൈറ്റഡ് നേഷൻസ്: അന്താരാഷ്ട്ര ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ(ഐ.എസ്.) ദക്ഷിണേഷ്യാഘടകം(ഐ.എസ്.ഐ.എൽ.-കെ.) അഫ്ഗാനിസ്താന്റെ അയൽരാജ്യങ്ങൾക്ക്‌ വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്ന് ഐക്യരാഷ്ട്രസഭ. അഫ്ഗാനിലെ കാബൂൾ സർവകലാശാലയിലുൾപ്പെടെ ഐ.എസിന്റെ ദക്ഷിണേഷ്യാഘടകം ആശയപ്രചാരണം നടത്തി ഓൺലൈൻ റിക്രൂട്ട്മെന്റ് അടക്കം നടത്തുന്നതായി യു.എൻ. സെക്രട്ടറി ജനറലിന്റെ റിപ്പോർട്ട് പറയുന്നു.

മുൻ താലിബാൻ അംഗം ഖാറി സലാവുദ്ദീന്റെ നേതൃത്വത്തിൽ 25 അംഗ രഹസ്യസംഘം ഫാരിയാബ് മേഖലയിലുണ്ട്. അഫ്ഗാനിസ്താനിലെ കുനാർ മേഖലയിൽ 2100 പേരുൾപ്പെടെ രാജ്യത്താകമാനം 2500 ഭീകരരുണ്ടെന്നും റിപ്പോർട്ടിൽപറയുന്നു. ഭീകരരും ആശ്രിതരുമടക്കം 1400 പേർ അഫ്ഗാൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായിട്ടും മേഖലയിലെ സുരക്ഷയ്ക്ക് ഐ.എസ്. ഉയർത്തുന്ന ഭീഷണി തുടരുകയാണെന്നും റിപ്പോർട്ടിലുണ്ട്.

ജമാഅത്ത് ഉൽ അഹ്‌റാർ, തെഹ്‌രിക്കി താലിബാൻ, ലഷ്കർ ഇ ഇസ്‌ലാം എന്നീ സംഘടനകളുമായി ചേർന്ന് പാകിസ്താൻ അതിർത്തിമേഖലകളിൽ ഇവർ നിരന്തരം ആക്രമണങ്ങൾ‍ നടത്തുന്നുണ്ട്. 2015 ജനുവരി പത്തിനാണ് ഐ.എസ്.ഐ.എൽ.-കെ രൂപവത്‌കരിച്ചത്. അഫ്ഗാനിസ്താനിലും പാകിസ്താനിലും നടന്ന ഒട്ടേറെ ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഇവർ ഏറ്റെടുത്തിരുന്നു.

Content Highlights: ISIS threat UN