ബയ്‌റുത്ത്: സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്.) കൈയടക്കിവെച്ചിരുന്ന അവസാനത്തെ പ്രധാനപട്ടണവും തിരിച്ചുപിടിച്ചു. ഡൈര്‍ എസോര്‍ പ്രവിശ്യയിലെ അബു കമാല്‍ പട്ടണമാണ് വ്യാഴാഴ്ച സിറിയന്‍ സേനയും സഖ്യവും ഐ.എസില്‍നിന്ന് പിടിച്ചെടുത്തത്. ഇവിടെ അവശേഷിച്ച ഭീകരര്‍ മരുഭൂമിയിലേക്ക് പിന്‍വാങ്ങിയെന്ന് സിറിയന്‍ കാര്യങ്ങള്‍ നിരീക്ഷിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സിന്റെ മേധാവി റാമി അബ്ദെല്‍ റഹ്മാന്‍ പറഞ്ഞു.

ഇറാഖ് അതിര്‍ത്തിയോടുചേര്‍ന്ന അബു കമാലില്‍ ബുധനാഴ്ചയാണ് സൈന്യം കടന്നത്. ഡൈര്‍ അസോറിന്റെ ബാക്കിഭാഗങ്ങള്‍ കഴിഞ്ഞദിവസം പിടിച്ചെടുത്തിരുന്നു. 2014-ല്‍ ഐ.എസ്. പ്രഖ്യാപിച്ച 'ഖിലാഫത്തി'ന്റെ തലസ്ഥാനമായ റാഖയുടെ നിയന്ത്രണവും സിറിയന്‍ സൈന്യം കൈക്കലാക്കി. ഇറാഖിലെ മോസുളും ഐ.എസില്‍നിന്ന് തിരിച്ചുപിടിച്ചു. കൈവശമുണ്ടായിരുന്ന ഭൂമിയുടെ ഭൂരിഭാഗവും നഷ്ടപ്പെട്ട ഐ.എസിന് സിറിയയിലെ ഹോംസ് പ്രവിശ്യ, ദമാസ്‌കസ്, ദാര, ഇറാഖിലെ റാവ, അല്‍ ഖ്വെയിം എന്നിവിടങ്ങളിലെ ചിലഭാഗങ്ങളുടെ നിയന്ത്രണം മാത്രമേ കൈയിലുള്ളൂ.