വാഷിങ്ടൺ: അബൂബക്കർ അൽ ബാഗ്ദാദിയെ ഇല്ലാതാക്കാനായത് ഭീകരവാദത്തിനുനേരെയുള്ള പോരാട്ടത്തിലെ വലിയ വിജയം തന്നെയാണ്. എന്നാൽ, ബാഗ്ദാദി ഇല്ലാതായതോടെ ഇസ്‍ലാമിക് സ്റ്റേറ്റും അതുയർത്തുന്ന ഭീഷണിയും പൂർണമായി അവസാനിച്ചുവെന്ന് അടിവരയിടാനാവില്ല.

ബാഗ്ദാദിവധത്തിലൂടെ ഐ.എസിന് നഷ്ടമായത് തങ്ങളുടെ നേതാവിനെ മാത്രമാണ്. സിറിയയിലും ഇറാഖിലും വ്യാപിച്ചിരുന്ന ഐ.എസ്. സാമ്രാജ്യത്തിന്റെ അവസാനകേന്ദ്രവും പിടിച്ചെടുത്ത് യു.എസ്. സൈന്യവും കുർദിഷ് സേനയും മേഖല ഐ.എസ്.മുക്തമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇറാഖിലെ അൽ ഖായിദയിൽനിന്ന് ഉദ്‌ഭവംകൊണ്ട ഐ.എസ്. ഇപ്പോഴും ഇറാഖിലും സിറിയയിലും അഫ്ഗാനിസ്താനിലുമെല്ലാം ഭീഷണിയുയർത്തുകതന്നെയാണ്. ചുരുക്കത്തിൽ ഐ.എസ്. മരിച്ചിട്ടില്ല. അതിന്റെ ആശയങ്ങളിപ്പോഴും ജീവനോടെയുണ്ടെന്ന് യു.എസ്. ദേശീയ സുരക്ഷാകൗൺസിലിലെ മുൻ ഭീകരവിരുദ്ധ ഡയറക്ടർ ക്രിസ് കോസ്റ്റ പറയുന്നു.

‘എവിടെയാണെങ്കിലും കൊല്ലുക’ എന്നതാണ് ഐ.എസിന്റെ ആപ്തവാക്യം. കഴിയുന്ന എല്ലായിടത്തും ആക്രമണവും കലാപവുമുണ്ടാക്കാനാണ് അത് തങ്ങളുടെ അനുയായികളെ നിർദേശിക്കുന്നത്. ബാഗ്ദാദിക്കുശേഷവും ആ സന്ദേശം സജീവമാണുതാനും.

Content Highlights: ISIS is still a threat