ബാഗ്ദാദ്: ആഗോള ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്.) ഇറാഖിൽ വീണ്ടും കരുത്താർജിക്കുന്നു. രാജ്യത്ത് അക്രമങ്ങൾ വർധിക്കുന്നത് ഐ.എസിന്റെ സ്വാധീനമാണ് കാണിക്കുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങളെ ഉദ്ധരിച്ച് ബി.ബി.സി. റിപ്പോർട്ടുചെയ്തു.

രണ്ടുവർഷംമുമ്പാണ് അവസാന ശക്തികേന്ദ്രത്തിൽനിന്നും ഐ.എസിനെ തുരത്തി ഇറാഖ് ഭരണകൂടം വിജയം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, ഇന്ന് സ്ഥിതിഗതികൾ മാറിയെന്നും ഐ.എസ്. ഭീകരർ കൂടുതൽ കരുത്താർജിച്ച് അൽ ഖ്വയിദക്കാരേക്കാൾ അപകടകാരികളായിരിക്കുകയാണെന്നും കുർദിഷ് ഭീകരവിരുദ്ധവിഭാഗം ഉദ്യോഗസ്ഥൻ ലഹർ തലബനി പറഞ്ഞു.

‘‘ഐ.എസ്. കൂടുതൽ സാങ്കേതികജ്ഞാനം നേടിക്കഴിഞ്ഞു. ആധുനികതന്ത്രങ്ങളും പ്രയോഗിച്ചുതുടങ്ങി. ആവശ്യത്തിനുള്ള പണവും ഭക്ഷണവും ഉപകരണങ്ങളും യഥേഷ്ടം സ്വരൂപിക്കുന്നു. വാഹനങ്ങളും ആയുധങ്ങളും വാങ്ങുന്നു. ഇനി അവരെ പുറത്തുചാടിക്കൽ അത്ര എളുപ്പമാവില്ല’’ -ലഹർ മുന്നറിയിപ്പ് നൽകുന്നു. ഐ.എസിനെ പുനഃസംഘടിപ്പിക്കുക എന്ന ലക്ഷ്യം ഭീകരർ ഏതാണ്ട് പൂർത്തിയാക്കിയതായാണ് സന്യാരി രഹസ്യാന്വേഷണ ഏജൻസി മേധാവികൂടിയായ അദ്ദേഹം പറയുന്നത്.

വ്യത്യസ്തരീതിയിലാണ് ഐ.എസ്. ഉയർത്തെണീക്കുന്നത്. ഏതെങ്കിലും പ്രദേശത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തുള്ള പ്രവർത്തനത്തിനല്ല ഇന്നവർ ഊന്നൽകൊടുക്കുന്നത്. ശത്രുക്കളുടെ ലക്ഷ്യംതെറ്റിക്കാനാണിത്. വടക്കൻ ഇറാഖിലെ കുർദിസ്താൻ മേഖലയിലും ഹംരിൻ പോലുള്ള പർവതപ്രദേശങ്ങളിലും രഹസ്യതാവളങ്ങളിലുമിരുന്നാണ് നേതാക്കൾ പ്രവർത്തിക്കുന്നത്. ഇതാണ് ഇപ്പോൾ അവരുടെ കേന്ദ്രമെന്നും തലബാനി പറഞ്ഞു. നിഗൂഢമായ ഗുഹകളും ചെങ്കുത്തായ പർവതങ്ങളും നിറഞ്ഞ വലിയൊരു പ്രദേശത്ത് ഇറാഖ് സൈന്യത്തിനും കാര്യമായി ഒന്നും ചെയ്യാനാവില്ല.

രാജ്യത്ത് ഇപ്പോൾ നടക്കുന്ന പ്രതിഷേധവും ഭീകരർ ശരിക്കും മുതലെടുക്കുകയാണ്. ബാഗ്ദാദും കുർദിസ്താൻ സ്വയംഭരണ പ്രാദേശിക സർക്കാരും തമ്മിലുള്ള ഭിന്നതകളും ഭീകരർക്കാണ് ഗുണംചെയ്തത്. വടക്കൻ ഇറാഖിൽ വലിയൊരു പ്രദേശത്ത് ഇപ്പോൾ കുർദുകൾക്കോ സൈന്യത്തിനോ സ്വാധീനമില്ല. അത് ഇസ്‌ലാമിക് സ്റ്റേറ്റ് നേട്ടമാക്കുകയാണ്. പ്രദേശത്ത് പട്രോളിങ് നടത്തുന്നത് ഐ.എസ്. മാത്രമാണെന്നും തലബാനി പറഞ്ഞു.

ഇതേ ആശങ്ക മലമുകളിലെ ഹിൽടോപിലെ ഔട്ട് പോസ്റ്റിലുള്ള മേജർ ജനറൽ സിർവാൻ ബർസാനിയും പങ്കുവെക്കുന്നു. ആർക്കും നിയന്ത്രണമില്ലാത്ത പ്രദേശത്ത് ഐ.എസ്. ഇത്തരത്തിൽ കരുത്താർജിച്ചാൽ വരുംവർഷം അവരെ തുരത്തുക ഏറെ ബുദ്ധിമുട്ടേറിയതാവുമെന്നും അദ്ദേഹം പറഞ്ഞു.

ഇറാഖിൽ ഐ.എസിനിപ്പോൾ 10,000-ത്തിലധികം അംഗങ്ങളുണ്ട‌െന്നാണ് രഹസ്യാന്വേഷകർ പറയുന്നത്. അതിൽ 4000 മുതൽ 5000 വരെയുള്ളവർ ഏതുപോരാട്ടത്തിനും സജ്ജരായവരാണ്. അത്രയുംതന്നെ പേർ പുറത്ത് വിവിധ സെല്ലുകളിലുമുണ്ട്. മാനസികമായി പിന്തുണയ്ക്കുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്.

Content Highlights: isis getting stronger again in iraq