ജക്കാർത്ത: ഇൻഡൊനീഷ്യയിൽ ചീഫ് സുരക്ഷാമന്ത്രി വിരാന്റോയെ വധിക്കാൻ ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരരുടെ ശ്രമം. വ്യാഴാഴ്ചയാണ് സംഭവം. ജാവയിലെ പാണ്ടെഗ്ലാങ്ങിലുള്ള സർവകലാശാലയിലെത്തിയ വിരാന്റോ വാഹനത്തിൽനിന്നു പുറത്തിറങ്ങവേ അവിടെ കാത്തുനിന്നിരുന്ന സ്ത്രീയും പുരുഷനും കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

അക്രമികളെ അറസ്റ്റുചെയ്തിട്ടുണ്ട്. ഐ.എസിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഇവർ വിരാന്റോയെ ആക്രമിച്ചതെന്ന് ഇൻഡൊനീഷ്യൻ ഇന്റലിജൻസ് അധികൃതർ പറഞ്ഞു.

കുത്തേറ്റ ഇദ്ദേഹത്തെ ഉടൻ ഹെലികോപ്റ്ററിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിരാന്റോയുടെ നില മെച്ചപ്പെട്ടതായി ആശുപത്രിവൃത്തങ്ങൾ വ്യക്തമാക്കി. ആക്രമണത്തിൽ മറ്റു മൂന്നുപേർക്കും പരിക്കേറ്റു.

ഇൻഡൊനീഷ്യയിലെ ഏറ്റവും ശക്തനായ രാഷ്ട്രീയനേതാക്കളിലൊരാളാണ് മുൻ സൈനികമേധാവികൂടിയായ 72-കാരനായ വിരാന്റോ.