ബാഗ്ദാദ്: സർക്കാർവിരുദ്ധപ്രക്ഷോഭം തുടരുന്ന ഇറാഖിൽ പ്രധാനമന്ത്രി ആദേൽ അബ്ദേൾ മഹ്ദിയുടെ രാജി പാർലമെൻറ് അംഗീകരിച്ചു. പുതിയ പ്രധാനമന്ത്രിയെ നാമനിർദേശംചെയ്യാൻ പ്രസിഡന്റ് ബർഹാം സാലിഹിനോട് ആവശ്യപ്പെടുമെന്നും പാർലമെന്റ് സ്പീക്കർ മുഹമ്മദ് അൽ ഹൽബുസി പറഞ്ഞു.
രണ്ടുമാസമായി രാജ്യത്തുനടക്കുന്ന പ്രക്ഷോഭത്തിൽ 420-ലേറെപ്പേർ കൊല്ലപ്പെട്ടതിനുശേഷമാണ് പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് രാജിവെക്കാൻ തയ്യാറാണെന്ന് മഹ്ദി വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. ഞായറാഴ്ചചേർന്ന പാർലമെന്റ് യോഗമാണ് മഹ്ദിയുടെ രാജി അംഗീകരിച്ചത്. എന്നാൽ, മുപ്പതുദിവസം മഹ്ദി മന്ത്രിസഭയ്ക്ക് താത്കാലിക സർക്കാരായി തുടരാനാകും.
ബാഗ്ദാദ്, നജഫ് നഗരങ്ങളിൽ ഇറാഖ് സൈന്യം നടത്തിയ വെടിവെപ്പിൽ അമ്പതിലേറെപ്പേർ കൊല്ലപ്പെട്ട സംഭവത്തിനുപിന്നാലെയായിരുന്നു മഹ്ദിയുടെ രാജി. ഇറാഖിലെ ഷിയാവംശജരുടെ പരമോന്നതനേതാവ് അയത്തൊള്ള അലി അൽ സിസ്താനി, പ്രക്ഷോഭകരെ അടിച്ചമർത്താൻ സൈന്യത്തെ ഉപയോഗിക്കുന്നതിനെ അപലപിക്കുകയും പുതിയസർക്കാർ വരണമെന്ന് ആവശ്യപ്പെട്ടതും രാജിക്ക് വഴിയൊരുക്കി.
അതിനിടെ, പ്രക്ഷോഭകരെ കൊലപ്പെടുത്തിയെന്ന കുറ്റമാരോപിച്ച് പോലീസുദ്യോഗസ്ഥന് ഇറാഖ് കോടതി ഞായറാഴ്ച വധശിക്ഷ വിധിച്ചു. രണ്ടുമാസമായി നീളുന്ന പ്രക്ഷോഭത്തിനിടെ ആദ്യമാണ് ഇത്തരമൊരു നടപടി. നവംബർ രണ്ടിന് ഏഴുപ്രക്ഷോഭകരുടെ മരണത്തിനിടയാക്കിയ സംഭവത്തിലാണ് ശിക്ഷ.