വാഷിങ്ടൺ: നിക്ഷേപം നടത്താൻ ലോകത്ത് ഇന്ത്യയെക്കാൾ മികച്ച മറ്റൊരിടമില്ലെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. ജനാധിപത്യം ഇഷ്ടപ്പെടുകയും മുതലാളിത്തത്തെ ബഹുമാനിക്കുകയും ചെയ്യുന്ന അന്തരീക്ഷമാണ് ഇന്ത്യയിലുള്ളതെന്ന് ബുധനാഴ്ച ഐ.എം.എഫ്. ആസ്ഥാനത്ത് നിക്ഷേപകരുമായുള്ള സമ്പർക്കപരിപാടിയിൽ അവർ പറഞ്ഞു.
വളരെ വേഗം വളർന്നുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ഇന്ത്യ. കഴിവുറ്റ തൊഴിലാളികളും സർക്കാരുമാണ് ഇന്ത്യയിലുള്ളതെന്നും അവർ പറഞ്ഞു. എന്തുകൊണ്ട് ഇന്ത്യയിൽ നിക്ഷേപമിറക്കണമെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവർ.
ജമ്മുകശ്മീരിലേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കാനുള്ള സർക്കാർ നയങ്ങളുടെ വിശദാംശങ്ങൾ വൈകാതെ പുറത്തുവിടുമെന്നും നിർമലാ സീതാരാമൻ പറഞ്ഞു. വിനോദസഞ്ചാരം, കരകൗശലം, പട്ട്, കുങ്കുമത്തിന്റെയും ആപ്പിളിന്റെയും ഉത്പാദനം എന്നീ മേഖലകളിലുള്ള നിക്ഷേപസാധ്യത അവർ പട്ടികപ്പെടുത്തിയിട്ടുണ്ട്.
ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും യു.എസ്. ഇന്ത്യ സ്ട്രാറ്റജിക് ആൻഡ് പാർട്ട്‌ണർഷിപ്പ് ഫോറമും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
Content Highlights: investors can find no better place in the world than India- Nirmala Sitaraman